റബര്‍ വില താഴേക്ക്
Saturday, October 5, 2024 3:52 AM IST
കോട്ടയം: ആഭ്യന്തര ഉത്പാദനം കാര്യമായി മെച്ചപ്പെടാത്ത സാഹചര്യത്തിലും റബര്‍വില നാട്ടില്‍ കുത്തനെ ഇടിയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഷീറ്റ് കിലോയ്ക്ക് 12 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. വിദേശ വിലയില്‍ ഇന്നലെ രണ്ടു രൂപയുടെ കുറവുണ്ടായെന്ന കാരണത്താല്‍ ഇന്നലെ ഇവിടെ മൂന്നു രൂപ കുറച്ചു.
ഇന്നലെ റബര്‍ബോര്‍ഡ് വില ആര്‍എസ് നാല് ഗ്രേഡിന് 217 രൂപയും ഗ്രേഡ് അഞ്ചിന് 214 രൂപയുമാണ്. മാര്‍ക്കറ്റില്‍ മേല്‍ത്തരം ഷീറ്റ് റബറിന് ക്ഷാമം തുടരുന്ന സാഹചര്യത്തിലും കൈകാര്യച്ചെലവിന്റെ പേരില്‍ വ്യാപാരികള്‍ നാലു രൂപ വരെ താഴ്ത്തിയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. നേരിയ തോതില്‍ പൂപ്പല്‍ ബാധിച്ചാല്‍ ഗ്രേഡ് താഴ്ത്തി വില കുറയ്ക്കുന്നതും പതിവാണ്. ഇത്തരം റബര്‍ കഴുകി പുകപ്പുരയില്‍ ഉണക്കി മേല്‍ത്തരം ഗ്രേഡില്‍ വില്‍ക്കുന്ന വ്യാപാരികള്‍ പലരാണ്.
കഴിഞ്ഞമാസങ്ങളില്‍ 247 രൂപയായി ഉയര്‍ന്ന ഷീറ്റ് വില ദിവസേന താഴ്ത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. മാര്‍ക്കറ്റിലെ ഷീറ്റ് വരവിന്റെ തോതും സ്റ്റോക്കും കണക്കാക്കിയാല്‍ റബര്‍ ബോര്‍ഡ് 230 രൂപ നിരക്കില്‍ നിലവിൽ വില പ്രഖ്യാപിക്കേണ്ടതാണ്. വിദേശവില ആഭ്യന്തര വിലയെക്കാൾ 35 രൂപയോളം ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ നിലപാടെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.