കൊറഗേറ്റഡ് ബോക്സിന് വില കൂടും
Wednesday, October 2, 2024 1:51 AM IST
കൊച്ചി: കൊറഗേറ്റഡ് ബോക്സിന്റെ (കാര്‍ഡ്ബോര്‍ഡ് പെട്ടി) വിലയില്‍ 15 ശതമാനം വര്‍ധനവ് വരുത്തുമെന്ന് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ചറിംഗ് അസോസിയേഷന്. അസംസ്കൃത വസ്തുക്കളുടെ വില ഒരു മാസത്തിനിടെ ഗണ്യമായി കൂടിയ സാഹചര്യത്തിലാണു വിലവര്‍ധന.
കാര്‍ഡ്ബോര്‍ഡ് പെട്ടി നിര്‍മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വില ടണ്ണിന് 3000 രൂപയാണു കൂടിയത്. ഈ സാഹചര്യത്തിലാണ് പെട്ടികളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുന്നതെന്ന് കെസിബിഎംഎ പ്രസിഡന്റ് ജി. രാജീവ്, സെക്രട്ടറി സത്യന് മലയത്ത് എന്നിവര്‍ പറഞ്ഞു.
നിലവില്‍ ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ യുഎസ്, യുകെ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ചരക്കുഗതാഗതത്തിന് ചെലവ് വര്‍ധിച്ചതോടെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുവിന്റെ വില കൂടി.
പ്രാദേശിക മാര്‍ക്കറ്റില്‍ ക്രാഫ്റ്റ് പേപ്പറിന്റെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പ്രതിസന്ധിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.