ആമസോണ്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
Thursday, September 19, 2024 11:26 PM IST
സാൻ ഫ്രാൻസിസ്കോ: അടുത്ത വർഷം ജനുവരി മുതൽ ഓഫീസുകളിലേക്കു തിരിച്ചെത്താൻ ജീവനക്കാർക്ക് നിർദേശം നൽകി ആമസോണ്‍. കോവിഡിനെത്തുടർന്ന് നൽകിയ തുടങ്ങിയ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിവിധ കോർപറേറ്റ് കന്പനികൾ. അതിൽ ഏറ്റവും ആദ്യം വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നത് ആമസോണ്‍ ആണ്.
ജനുവരി രണ്ടു മുതൽ ആഴ്ചയിൽ അഞ്ചുദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആമസോണ്‍ സിഇഒ ആൻഡി ജാസിയാണ് ജീവനക്കാർക്ക് പുതിയ നിർദേശം സംബന്ധിച്ച് നോട്ടീസ് നൽകിയത്. നിലവിൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രം ആമസോണ്‍ ജീവനക്കാർ ഓഫീസിലെത്തിയാൽ മതി.
കഴിഞ്ഞ അഞ്ചു വർഷത്തെ കാര്യങ്ങൾ വിലയിരുത്തുന്പോൾ, ഓഫീസിൽ ഒരുമിച്ചിരിക്കുന്നതിന്റെ ഗുണങ്ങൾ പ്രാധാന്യമർഹിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ജാസി കുറിപ്പിൽ സൂചിപ്പിച്ചത്.
ആമസോണിനു പിന്നാലെ പല ഐടി കന്പനികളും ജീവനക്കാരുടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. എസ്എപി, എടി ആൻഡ് ടി, ഡെൽ, വിപ്രോ, ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) തുടങ്ങിയ കന്പനികളും ജീവനക്കാരെ ഓഫീസിലേക്കു തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണ്.
ആമസോണിന്റെ തീരുമാനത്തിൽ ചില ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ രാജിവയ്ക്കുമെന്നാണ് അവർ അറിയിച്ചത്. കോവിഡിന്റെ കാലത്ത് ടെക് കന്പനികളാണ് ജീവനക്കാരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ഏറ്റവും ആദ്യം വർക് ഫ്രം ഹോം സന്പ്രദായം നടപ്പാക്കിയത്.
നാലുവർഷം കഴിഞ്ഞതോടെ അതിൽ പല കന്പനികളും പതിയെ ജീവനക്കാരെ ഓഫീസിലേക്ക് കൊണ്ടുവന്നു തുടങ്ങി. അതേസമയം, വീട്ടിൽ രോഗികളായ കുട്ടികളുള്ളവർക്കും ഏകാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യൽ ആവശ്യമായ ജീവനക്കാരോടും വിട്ടുവീഴ്ച ചെയ്യാനാണ് ആമസോണിന്റെ തീരുമാനം. ആഴ്ചയിൽ രണ്ടു ദിവസം ഇവർക്ക് വർക്ക്് ഫ്രം ഹോം അനുവദിക്കാനാണ് തീരുമാനം.
പിരിച്ചുവിടാനുള്ള തന്ത്രമെന്ന്
ആമസോണിന്റെ പുതിയ തൊഴിൽ പോളിസിയെ എതിർക്കുന്നവരുമുണ്ട്. ലോകമെന്പാടുമായി 15 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിന് ഉള്ളത്. എന്നാൽ, ഈ നീക്കം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തന്ത്രമായാണ് പലരും വിലയിരുത്തുന്നത്. നിശബ്ദമായ പിരിച്ചുവിടലാണ് ഇതെന്ന് സോഷ്യൽ മീഡിയിൽ ആമസോണിന്റെ മുൻ ജീവനക്കാർ അഭിപ്രായപ്പെട്ടു.