ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
Thursday, September 19, 2024 11:26 PM IST
മസ്കറ്റ്: ഒമാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഒമാന്‍ അല്‍ മുധൈബിയിൽ രാജ്യത്തെ 31-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. അല്‍ മുധൈബി ഗവര്‍ണര്‍ ശൈഖ് സൗദ് ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ ഹിനായി ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സന്നിഹിതനായിരുന്നു. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, പഴം, പച്ചക്കറി, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വൻ ശ്രേണി ഒരുക്കിയിട്ടുണ്ട്.
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ സാധിച്ചതില്‍ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഇതിനവസരം നല്കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലി പറഞ്ഞു.
ചടങ്ങില്‍ അല്‍ മുധൈബി ഗവര്‍ണര്‍ ഒമാനിലെ സുറില്‍ നിര്‍മിച്ച ബോട്ടിന്റെ മാതൃക യൂസഫലിക്ക് സമ്മാനിച്ചു. ലുലു ഒമാന്‍ ഡയറക്ടര്‍ എ.വി. അനന്ത്, കെ.എ. ഷബീര്‍, ലുലു ഒമാന്‍ റീജണല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.