ഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു
Thursday, September 19, 2024 12:27 AM IST
ന്യൂഡൽഹി: കൗമാരപ്രായത്തിലുള്ള ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ടീൻ അക്കൗണ്ട് ഫീച്ചർ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം.
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 18 വയസിൽ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകളെല്ലാം പുതിയ "ടീൻ അക്കൗണ്ട്' സെറ്റിംഗ്സിലേക്ക് മാറ്റപ്പെടും. നേരത്തേ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് പിന്നീട് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാനാകൂ.
അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ മെസേജ് അയയ്ക്കാനോ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ കഴിയൂ.
അതുകഴിഞ്ഞാൽ ആപ്പ് ഡിസേബിൾ ആകും. കൂടാതെ രാത്രി 10 മുതൽ രാവിലെ ഏഴു വരെ ആപ്പ് സ്ലീപ്പ് മോഡിലേക്ക് മാറും. ഈ സമയങ്ങളിൽ നോട്ടിഫിക്കേഷൻ ഉണ്ടാകില്ല.
ടീൻ അക്കൗണ്ടിലേക്ക് മാറിയാൽ 13 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിംഗ്സ് മാറ്റാൻ സാധിക്കൂ. എന്നാൽ 16-17 വയസുള്ള ഉപഭോക്താക്കൾക്ക് സ്വയം സെറ്റിംഗ്സ് ചെറിയരീതിയിൽ മാറ്റം വരുത്താനാകും.സെൻസിറ്റീവ് കണ്ടന്റുകൾ കൗമാരക്കാരുടെ ഫീഡിൽ വരുന്നത് തടയും.
നിലവിലെ ഉപയോക്താക്കളുടെയും പുതുതായി തുടങ്ങുന്നവരുടെയും അക്കൗണ്ടുകൾ അപ്ഡേറ്റ് എത്തുന്നതോടെ ടീൻ അക്കൗണ്ടുകളായി മാറും. ഈ അപ്ഡേറ്റ് ആദ്യം നടപ്പാക്കുക യുഎസിലായിരിക്കും. പിന്നാലെ കൂടുതൽ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തും.