കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 28 വയസ്
Tuesday, September 17, 2024 11:22 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: മലയാള സാഹിത്യവും മൊബൈൽ ഫോണുമായി എന്തെങ്കിലും ബന്ധം കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് എന്നു തന്നെ ഉത്തരം.
രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും സംഗതി എന്താണെന്നു പലർക്കും ഇപ്പോഴും മനസിലായിട്ടുണ്ടാകില്ല. ഇപ്പോൾ എല്ലാവരുടെയും കൈകളിൽ സർവവിജ്ഞാനശേഖരമായി മാറിയ മൊബൈൽ ഫോണും മലയാള സാഹിത്യത്തിലെ പ്രമുഖനുമായുള്ള ബന്ധം വളരെ വലുതാണ്.
പക്ഷേ, കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു സംസാരിച്ചതാരെന്നു ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരം മാത്രം – സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള.
ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയാണു തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ മണമുള്ള കഥകൾ പറഞ്ഞ വിശ്വസാഹിത്യകാരൻ മരിക്കുമ്പോൾ, ഇന്ന് എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ കേരളത്തിൽ പ്രചാരത്തിലായി തുടങ്ങിയിരുന്നില്ല.
1996 സെപ്റ്റംബർ 17ന് ആണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ ഫോൺ കോൾ എത്തിയത്.കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ എന്ന സ്വകാര്യ കമ്പനി ആണ്. എസ്കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു തകഴി ശിവശങ്കരപ്പിള്ളയാണ്.
ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനുമായി സംസാരിച്ചുകൊണ്ടായിരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആദ്യവിളിയുടെ തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും (കമല സുരയ്യ) ടാൻഡൻ മൊബൈലിൽ സംസാരിച്ചു. അതോടെ സംസ്ഥാനത്ത് പിറന്നത് പുതുചരിത്രം.
ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്കോടെൽ. ആദ്യ മൂന്നാഴ്ചയിൽ ആയിരത്തോളം മൊബൈൽ ഫോൺ കണക്ഷനുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇന്ന് മൊബൈൽ വരിക്കാരുടെ എണ്ണം അനുദിനംതന്നെ ആയിരത്തിലധികമാണ് വർധിക്കുന്നത്.
എസ്കോടെൽ പിന്നീട് ഐഡിയ എന്ന പേരിൽ മാറിയതും സമീപകാലത്ത് വോഡഫോൺ കമ്പനിയുമായി ലയിച്ച് വിഐ എന്നായി മാറിയതും മറ്റൊരു ചരിത്രം.