സൊമാറ്റോ ഫുഡ് ഡെലിവറി ഇനി ട്രെയിനിലും
Saturday, September 14, 2024 11:14 PM IST
മുംബൈ: വീട്ടിലിരുന്നെന്നപോലെ ട്രെയിൻ യാത്രയ്ക്കിടയിലും ഇഷ്ടപ്പെട്ട വിഭവം ഓർഡർ ചെയ്യാൻ സാധിക്കുന്ന സംവിധാനത്തിനു കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനും (ഐആർസിടിസി) ഭക്ഷണവിതരണ കന്പനിയായ സൊമാറ്റോയും.
നിലവിൽ രാജ്യത്തെ 100 സ്റ്റേഷനുകളിൽ ഈ സംവിധാനം ലഭ്യമാണെന്നും ഇതിനോടകം 10 ലക്ഷം ഓർഡറുകൾ പൂർത്തിയാക്കിയതായും സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
ഭക്ഷണം ഓർഡർ ചെയ്യുന്നതിന് സൊമാറ്റോ ആപ്ലിക്കേഷൻ തുറന്ന് സെർച്ച് ബാറിൽ ‘ട്രെയിൻ’ എന്ന് സെർച്ച് ചെയ്തശേഷം ‘മീൽസ് അറ്റ് ട്രെയിൻ സീറ്റ്’ സെലക്ട് ചെയ്യണം. തുടർന്ന് 10 അക്ക പിഎൻആർ നന്പറും ഏത് സ്റ്റേഷനിലാണോ ഭക്ഷണം എത്തിച്ചു നല്കേണ്ടത് എന്നതും എന്റർ ചെയ്യണം. പിഎൻആർ നന്പറിലൂടെ യാത്രക്കാരുടെ സീറ്റ് നന്പർ മനസിലാക്കി സൊമാറ്റോ കൃത്യമായി ഭക്ഷണം എത്തിച്ചു നല്കും.
സമയത്ത് ഭക്ഷണമെത്തിക്കാൻ സാധിച്ചില്ലെങ്കിൽ 100 ശതമാനം റീഫണ്ട് നൽകുമെന്നും സൊമാറ്റോ പറയുന്നു. യാത്രയ്ക്ക് നാല് ദിവസം മുന്പ് വരെ ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. ട്രെയിൻ വൈകിയാലും അതനുസരിച്ച് ഡെലിവറി ക്രമീകരിക്കുമെന്നു സൊമാറ്റോ അവകാശപ്പെടുന്നു.
കഴിഞ്ഞ മാർച്ചിൽ മറ്റൊരു ഭക്ഷണവിതരണ കന്പനിയായ സ്വിഗ്ഗിയും ഐആർസിടിസിയുമായി കൈകോർത്ത് ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനം ആരംഭിച്ചിരുന്നു. തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ മാത്രമുണ്ടായിരുന്ന സംവിധാനം 59 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കാൻ സ്വിഗ്ഗി പദ്ധതിയിടുന്നുണ്ട്.