ബേക്കറി മേഖലയില്‍ ജിഎസ്ടി അഞ്ചു ശതമാനമാക്കണം: ബേക്ക് വണ്‍
Saturday, September 7, 2024 11:11 PM IST
കൊച്ചി: ബേക്കറി മേഖലയില്‍ ജിഎസ്ടി 18 ശതമാനം എന്നത് അഞ്ചു ശതമാനമായി ഏകീകരിക്കണമെന്നു ബേക്കറി മേഖലയിലെ പുതിയ സംഘടനയായ ബേക്ക്വണ്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റസ്റ്ററന്റുകളില്‍ അഞ്ചുശതമാനമാണ് ജിഎസ്ടി.
അതേസമയം, ബേക്കറികളില്‍ നാടന്‍ പലഹാരങ്ങള്‍ വാങ്ങുമ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. ബേക്കറിയും റസ്റ്ററന്റും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും പ്രസിഡന്റ് റോയല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി പി. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.
ബേക്കറി പലഹാരങ്ങളില്‍ സിന്തറ്റിക് മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചില ബേക്കറികള്‍ പ്രകൃതിദത്ത നിറം ചേര്‍ത്തു ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ മറ്റുചിലര്‍ സിന്തറ്റിക് കളറാണ് ഉപയോഗിക്കുന്നത്.
ആകര്‍ഷകമായ നിറം ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ വാങ്ങാനാകും താത്പര്യം കാണിക്കുക. ഇതു പ്രകൃതിദത്ത കളര്‍ ഉപയോഗിക്കുന്നവരുടെ ബിസിനസ് ഇടിവിന് കാരണമാകാറുണ്ട്. അതിനാല്‍ സിന്തറ്റിക് കളര്‍ ഉപയോഗം പൂര്‍ണമായും നിരോധിക്കുകയോ നിശ്ചിത അളവില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയോ വേണമെന്നാണ് ആവശ്യം.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മന്ത്രിമാരായ എം.ബി. രാജേഷിനും കെ.എന്‍. ബാലഗോപാലിനും നിവേദനം നല്‍കിയതായും ഇരുവരും അറിയിച്ചു. ബേക്കറി മേഖലയ്ക്കു ക്ഷീണമുണ്ടാക്കുന്ന തീരുമാനങ്ങള്‍ മൂലമാണ് പുതിയ സംഘടന രൂപീകരിക്കേണ്ടിവന്നതെന്നും നിലവില്‍ 600 ഓളം ബേക്കറി ഉടമകള്‍ സംഘടനയില്‍ അംഗങ്ങളായിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ട്രഷറര്‍ ബിജു നവ്യ, യുവജന വിഭാഗം പ്രതിനിധി മരിയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.