എമർജിംഗ് മാർക്കറ്റ് ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യ
Saturday, September 7, 2024 11:11 PM IST
ന്യൂഡൽഹി: എമർജിംഗ് മാർക്കറ്റ് ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡക്സിൽ ഇന്ത്യ ചൈനയെ മറികടന്നതായി മോർഗൻ സ്റ്റാൻലി. ചൈനയുടെ 21.58 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ സൂചികയിൽ ഇന്ത്യയുടെ വെയിറ്റേജ് 22.27 ശതമാനമായാണ് ഉയർന്നത്.
എമർജിംഗ് മാർക്കറ്റ് ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡക്സിൽ 3,355 ഓഹരികൾ ഉൾപ്പെടുന്നു. വളർന്നു വരുന്ന 24 വിപണി രാജ്യങ്ങളിലെ 85 ശതമാനം വരുന്ന സ്വതന്ത്ര ഫ്ലോട്ട്-അഡ്ജസ്റ്റ് മാർക്കറ്റ് കാപ്പിറ്റലൈസേഷൻ വിശകലനം ചെയ്താണ് ഇൻഡക്സ് തയാറാക്കുന്നത്.
വിശാലമായ വിപണി പ്രവണതകളെയാണ് പുനഃനിർണയം പ്രതിഫലിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനീസ് വിപണികൾ പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യൻ വിപണികൾ അനുകൂലമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളിൽനിന്ന് നേട്ടമുണ്ടാക്കി.
സമീപകാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറയും ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ ശക്തമായ പ്രകടനവും കൊണ്ട്, ഇന്ത്യൻ ഓഹരി വിപണി കൂടുതൽ മികച്ച പ്രകടനമാണ് നടത്തുന്നത്. കൂടാതെ, ഇന്ത്യൻ ഓഹരി വിപണിയിലെ നേട്ടങ്ങൾ കൂടുതൽ സമഗ്രമാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായ 47ശതമാനം വർധനവ്, അസംസ്കൃത എണ്ണ വിലയിലെ കുറവ്, ഇന്ത്യൻ കമ്പോളങ്ങളിലെ ഗണ്യമായ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം എന്നിവ ഈ ഗുണാത്മക പ്രവണതയിലേക്ക് സംഭാവന ചെയ്ത പ്രധാന ഘടകങ്ങളാണ്.
വിദഗ്ധരുടെ വിശകലനങ്ങളനുസരിച്ച് സൂചികയിലെ ഈ പുനർനിർണയത്തിനുശേഷം, ഇന്ത്യൻ ഓഹരികളിൽ ഏകദേശം നാലു മുതൽ 4.5 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപത്തിന് സാധ്യതയുണ്ട്.