ജെജെ ഗാര്‍ഡനിലെ ഡ്രാഗണ്‍ ഫ്രൂട്ട് ഇനി ഗള്‍ഫിലും
Thursday, August 8, 2024 11:44 PM IST
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാര്‍ഡന്റെ ഡ്രാഗണ്‍ ഫ്രൂട്ട് ഇനി ഗള്‍ഫിലും ലഭ്യമാകും. ജെജെയുടെ മുന്തിയ ഇനമായ ഡ്രാഗണ്‍ ഫ്രൂട്ട് പുതുമയോടെ സ്വന്തം പാക്കിംഗില്‍ ഗള്‍ഫിലെ ഒമാനില്‍ എത്തിത്തുടങ്ങി.
ഏജന്‍സി വഴിയാണ് ഇപ്പോള്‍ വിതരണമെങ്കിലും കൂടുതല്‍ അളവില്‍ ഗള്‍ഫില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജെജെ ഗാര്ഡന് ഉടമ കെ.എസ്. ജോസഫ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായ ജോസഫ് 2017ല്‍ പരീക്ഷണാര്‍ഥം നാല് ഏക്കറില്‍ ആരംഭിച്ച ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ഇപ്പോള്‍ 10 ഏക്കറില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
നാലായിരത്തിലേറെ മൂടുകളിലായി പതിനാറായിരത്തിലേറെ ചെടികളാണ് ജെജെ ഗാര്‍ഡനിലുള്ളത്. അതില്‍ 99 ശതമാനവും ഔഷധ ഗുണമേറിയ മലേഷ്യന്‍ റെഡ് ഇനമാണ്. ഇതോടൊപ്പം വെള്ള, പലേ റോ, ബ്രൂണി, സിയം റെഡ്, റെഡ് ജയന്, ഇസ്രേയലി ഗോള്‍ഡ് തുടങ്ങിയവയുമുണ്ട്.
ജൈവ കൃഷിരീതി അവലംബിച്ചിട്ടുള്ള ജെജെ ഗാര്‍ഡനില്‍ മറ്റു വളങ്ങളൊ കീടനാശിനി പ്രയോഗമോ ഇല്ലെന്ന പ്രതിജ്ഞയിലാണ് ഉടമയും മക്കളായ ജോമിനും ജെസ്റ്റിനും. എന്‍ജിനിയറിംഗ്, ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മക്കളും കൃഷിയെ സ്നേഹിക്കുന്നവരാണ്.
കൈനിറയെ ആദായം കിട്ടുന്നുണ്ടെങ്കിലും വര്‍ഷംതോറും അതില്‍നിന്നും 25 ലക്ഷം രൂപയെങ്കിലും ചെലവഴിച്ച് കൃഷി ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ആളുകളാണ് ഗാര്ഡന് കാണാന്‍ എത്തുന്നത്. ഫലങ്ങൾ തോട്ടത്തില്‍നിന്നും കച്ചവടക്കാര്‍ നേരിട്ടു കൊണ്ടുപോവുകയാണ്. 15 ടണ്‍ ഫലങ്ങള്‍ കേടുകൂടാതെ ശേഖരിച്ചു വയ്ക്കാനുള്ള ശീതീകരണ സംവിധാനവുമുണ്ട്.