വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എൻഎസ്ഡിസി ബ്രിട്ടാനിയ സഹകരണം
Saturday, August 3, 2024 11:31 PM IST
തിരുവനന്തപുരം: വനിതാ സംരംഭകരെ ശക്തീകരിക്കാനും സാന്പത്തിക വളർച്ച നേടാൻ പര്യാപ്തരാക്കാനും വേണ്ടിയുള്ള വനിതാ സംരംഭകത്വ പരിപാടിക്ക് നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (എൻഎസ്ഡിസി) തുടക്കം കുറിച്ചു. ബ്രിട്ടാനിയയുമായി സഹകരിച്ചു നടത്തുന്ന ഈ പരിപാടിയിൽ ഏറ്റവും മുന്നിലെത്തുന്ന പത്തു പേർക്ക് 10 ലക്ഷം രൂപ വീതം ഗ്രാന്റും നൽകും.
സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിലായിരിക്കും വിവിധഭാഷകളിലുള്ള കോഴ്സ് ലഭ്യമാകുക. ഇതു പൂർത്തീകരിക്കുന്നവർക്ക് എൻഎസ്ഡിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ആൻഡ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്മെന്റിന്റെ കോ ബ്രാൻഡഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
സംരംഭകത്വ കഴിവുകൾ, അറിവ്, വിജയകരമായ ബിസിനസ് ആരംഭിക്കാനുള്ള സ്രോതസുകൾ തുടങ്ങിയവയിൽ ഊന്നിയുള്ള ഈ പരിശീലനം രാജ്യത്തെ 25 ലക്ഷത്തോളം വനിതകൾക്കു ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിൽ മുന്നിലെത്തുന്ന 50 പേർക്ക് ജൂറിയുടെ മുന്നിൽ തങ്ങളുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഇതിലെ വിജയികളാകുന്ന 10 പേർക്കാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഗ്രാന്റ് നൽകുക.