അർമഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാർക്കിൽ
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: എഡ്ജ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉത്പന്നങ്ങളിലെ മുൻനിരയിലുള്ള യുഎസ് കന്പനിയായ അർമഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാർക്കിൽ തുറന്നു.
ലോകമെന്പാടുമുള്ള ഐടി അധിഷ്ഠിത വ്യവസായങ്ങൾക്കു സാങ്കേതികപരിഹാരങ്ങൾ നൽകുന്നതിനു തങ്ങളുടെ വിഭവശേഷി പ്രയോജനപ്പെടുത്താനാണ് അർമഡ ലക്ഷ്യമിടുന്നത്. കന്പനിയുടെ ഓഫീസ് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അർമഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസർ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു. ലൈഫ് സയൻസ്, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സംസ്ഥാനത്തെ ഹബ്ബായ തിരുവനന്തപുരത്തിന് ഈ മേഖലകളിലെ സാങ്കേതികവികസനത്തിനു വലിയ സാധ്യതയാണുള്ളതെന്നും ഇതിനു പ്രചോദനമേകാൻ അർമഡയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.