സീമെൻസ് ഇന്നവേഷൻ തിങ്ക്ടാങ്ക് പുരസ്കാരം സഹൃദയ എൻജി. കോളജിന്
Saturday, August 3, 2024 12:42 AM IST
കൊടകര: സീമെൻസ് ഹെൽത്ത് ഇനിയേഴ്സ് ബംഗളൂരുവിൽ സംഘടിപ്പിച്ച സീമെൻസ് ഇന്നവേഷൻ തിങ്ക്ടാങ്ക് ഇന്റർനാഷണൽ മത്സരത്തിൽ സഹൃദയ കോളജിലെ അവസാനവർഷ ബയോമെഡിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനികളായ അവന്തിക എസ്. കുമാർ, ഗോപിക ഷാബു എന്നിവർക്കു രണ്ടാം സ്ഥാനം.
മെഡ്ടെക് മേഖലയിലെ മുൻനിരകണ്ടെത്തലുകൾ പ്രദർശിപ്പിക്കുന്ന മത്സരത്തിൽ കേരളത്തിൽനിന്നുള്ള ഏക വിജയികളാണിവർ.
സഹൃദയ കോളജിലെ അനുഷ്ക സുമേഷ്, ജുവെൽ തെരേസ, കെ. അനഘ എന്നിവരടങ്ങിയ മറ്റൊരു ടീമും അന്താരാഷ്ട്രമത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ചു. ഗോപിക ഷാബു, കെ. അനഘ എന്നിവർക്കു ഹെൽത്ത് ഇനിയേഴ്സിന്റെ ഇന്നവേഷൻ ലീഡർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചു.
കഴിഞ്ഞവർഷം സഹൃദയ കോളജ് ഇതേ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു.