രജിസ്ട്രേഷനില്ലാതെ പ്ലോട്ട് വികസനം: റിയലൈൻ പ്രോപ്പർട്ടീസിന് നോട്ടീസ്
Thursday, August 1, 2024 12:16 AM IST
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ വില്പനയ്ക്കായി വില്ല അപ്പാർട്ട്മെന്റ് പദ്ധതികൾ വികസിപ്പിക്കുന്ന ‘റിയലൈൻ പ്രോപ്പർട്ടീസ്’ എന്ന പ്രമോട്ടർക്ക് കെ റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി) കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
കോഴിക്കോട് പന്തീരാങ്കാവിൽ പതിനെട്ടോളം ഏക്കറിൽ ‘ലൈഫ് ലൈൻ ഗ്രീൻ സിറ്റി’ എന്ന പേരിൽ വികസിപ്പിക്കുന്ന വില്ല പദ്ധതിയും അപ്പാർട്ട്മെന്റ് പദ്ധതിയും റിയലൈൻ പ്രോപ്പർട്ടീസ് ഫെയ്സ്ബുക്കിൽ പരസ്യപ്പെടുത്തിയിരിക്കുകയാണ്.
റെറയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽനിന്നുള്ള യൂണിറ്റുകൾ വില്പനയ്ക്കായി പരസ്യപ്പെടുത്തുന്നതു നിയമവിരുദ്ധമാണ്. റെറ നിയമം സെക്ഷൻ 59(1) പ്രകാരം പിഴ ഈടാക്കാതിരിക്കാനായി കെ റെറ മുന്പാകെ മതിയായ കാരണം ബോധിപ്പിക്കാൻ അറിയിച്ചുകൊണ്ടാണു പ്രമോട്ടർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്.
കെറെറയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം പദ്ധതികളിൽനിന്നു പ്ലോട്ടോ വില്ലയോ അപാർട്ട്മെന്റോ വാങ്ങിയാൽ ഭാവിയിൽ നിയമപരിരക്ഷ ലഭിക്കില്ലെന്നു ബന്ധപ്പെട്ടവർക്കു കെറെറ ചെയർമാൻ പി.എച്ച്. കുര്യൻ ജാഗ്രതാനിർദേശം നല്കി.