ചരിത്രം തിരുത്തുമോ റബർ?
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, July 29, 2024 12:51 AM IST
റബർ ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിൽ കേരളത്തിൽ ഒരു വിഭാഗം കർഷകർ. രാജ്യാന്തര അവധി വ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. കൊക്കോ ഉത്പാദകരെയും സ്റ്റോക്കിസ്റ്റുകളെയും ഞെട്ടിക്കുംവിധം വ്യവസായികൾ വില ഇടിച്ചു. ഓണ പ്രതീക്ഷയിൽ വെളിച്ചെണ്ണ ചൂടുപിടിക്കാനുള്ള ശ്രമത്തിൽ. ഇറക്കുമതി ലോബി കുരുമുളകിനെ സമ്മർദത്തിലാക്കുന്നു. ആഭരണവിപണിയിലേക്ക് വിവാഹപാർട്ടികൾക്ക് വലതുകാൽ വയ്ക്കാൻ ശുഭമുഹൂർത്തം.
പുതിയ റബർ ഷീറ്റ് ഓഗസ്റ്റ് ആദ്യപകുതിയിൽ വിപണിയിലേക്ക് പ്രവഹിക്കുമെന്ന കണക്കുകൂട്ടലിലാണ് ടയർ ലോബി. എന്നാൽ ഉത്പാദന രംഗത്തെ ചലനങ്ങൾ നിരീക്ഷിച്ചാൽ അത്തരം ഒരു ഷീറ്റ് പ്രവാഹത്തിനുള്ള സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല. ടയർ കന്പനികൾ വാരത്തിന്റെ തുടക്കത്തിൽ 21,200ൽ നീങ്ങിയ നാലാം ഗ്രേഡിനെ പടിപടിയായി ഉയർത്തി വാരാന്ത്യം 22,000ലെത്തിച്ചു.
കാർഷികമേഖലയിൽ വിൽപ്പനക്കാരുടെ അഭാവം മൂലം കമ്പനി സ്പ്ലെയർമാർ ചക്രശ്വാസം വലിക്കുന്നു. അഞ്ചാം ഗ്രേഡ് 20,200‐20700 ൽ നിന്നും 21,000‐21,700 ലേക്ക് ഉയർന്നു. ലാറ്റക്സ് ലഭ്യത ഉയർന്നങ്കിലും വരവിനെ അപേക്ഷിച്ച് ഇരട്ടി ഡിമാന്റുണ്ട്. കൊച്ചിയിൽ ലാറ്റക്സ് 16,000 രൂപയിൽ വ്യാപാരം നടന്നു.
ഒസാക്ക എക്സ്ചേഞ്ചിൽ റബറിലെ നിക്ഷപ താൽപര്യം ചുരുങ്ങി, ഇടപാടുകളടെ വ്യാപ്തിയിലും കുറവു സംഭവിച്ചു. ജൂലൈ അവധി 325 യെന്നിൽ സെറ്റിൽമെന്റ് നടന്നു. സെപ്റ്റംബർ 316യെന്നിലേക്ക് താഴ്ന്നപ്പോൾ ഡിസംബർ 311ലേക്ക് ഇടിഞ്ഞു. നിരക്ക് അതിന്റെ 50, 100 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നത് വിപണിയുടെ ദുർബലാവസ്ഥ വ്യക്തമാക്കുന്നു. സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും റബർ വില താഴ്ന്നു. ഹാങ്ഹായിലെ വെയർ ഹൗസുകളിൽ റബർ സ്റ്റോക്ക് ഉയർന്നതും വിപണിക്കുമേൽ സമ്മർദം സൃഷ്ടിക്കുന്നു.
ഇതിനിടയിൽ തായ്ലാൻഡിന്റെ പല ഭാഗങ്ങളും മഴ ശക്തിപ്രാപിച്ചത് ഉത്പാദന രംഗത്ത് പ്രതിസന്ധി ഉളവാക്കി. ജൂലൈ ഷിപ്മെന്റുകൾ യഥാസമയം പൂർത്തിയാക്കാൻ പറ്റുമോയെന്ന ആശങ്ക തലയുയർത്തിയെങ്കിലും ഇക്കാര്യത്തിൽ കയറ്റുമതികാരും ഇറക്കുമതിക്കാരും ഒരുപോലെ നിശബ്ദത പാലിക്കുന്നു. ഷിപ്മെന്റ് ജൂണിലെ സ്ഥിതി ആവർത്തിച്ചാൽ വിപണിയെ പിടിച്ചാൽ കിട്ടാത്ത വിധത്തിലാവും. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 17,994 രൂപയിൽനിന്നും വാരാന്ത്യം 18,534 രൂപയായി.
നക്ഷത്രമെണ്ണി കൊക്കോ കർഷകർ
കൊക്കോ കർഷകരും ചെറുകിട വ്യാപാരികളും നക്ഷത്രമെണ്ണുന്നു. ചോക്ലേറ്റ് വ്യവസായികൾ ഗ്രാമീണ മേഖലകളിലെ കൊക്കോ സംഭരണകേന്ദ്രങ്ങളിൽനിന്നും പിൻവലിഞ്ഞത് വിലത്തകർച്ച രൂക്ഷമാക്കി.
കാർഷിക മേഖലയിലെ വ്യാപാരികൾ ശേഖരിച്ച ചരക്കിനും വില ഇടിഞ്ഞത് ഇടപാടുകാരെ കനത്ത സാമ്പത്തിക പ്രതിസന്ധിലാക്കും. പച്ച കൊക്കോ ശേഖരിച്ച് ഉണക്കി സംസ്കരിച്ച് വിൽപ്പന നടത്തുന്ന മലഞ്ചരക്ക് ഇടപാടുകാരും പ്രതിസന്ധിലാണ്. ഉണക്ക കൊക്കോ 300 രൂപ വരെ താഴ്ന്നപ്പോൾ പച്ച കൊക്കോ 65 രൂപയിലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 100 രൂപയിലാണ്. സീസൺ അവസാനിച്ചതിനാൽ വരവ് ചുരുങ്ങി. അതേസമയം മഴമൂലം കൊക്കോയെ ബ്ലാക്ക് പോട് രോഗം പിടികൂടിയത് കണക്കിലെടുത്താൽ അടുത്ത വിളവെടുപ്പിലും ഉത്പാദനം ചുരുങ്ങാം.
രാജ്യാന്തര മാർക്കറ്റിൽ മികവോടെയാണ് പിന്നിട്ടവാരം ഇടപാടുകൾക്ക് തുടക്കംകുറിച്ചത്. ന്യൂയോർക്കിൽ കൊക്കോ വില ഒൻപത് ശതമാനം ഉയർന്നപ്പോൾ ലണ്ടനിൽ എട്ട് ശതമാനം നേട്ടത്തിലായിരുന്നു വ്യാപാരം തുടങ്ങിയത്.
വെളിച്ചെണ്ണയിൽ നോട്ടമിട്ട് തമിഴ്നാട്
കേരളത്തിൽ വെളിച്ചെണ്ണ വിൽപ്പന അടുത്ത രണ്ടാഴ്ചകളിൽ ഉയർന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് കൊപ്രയാട്ട് മില്ലുകാർ. മുന്നിലുള്ള ഒരു മാസം വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് ഉയരമെന്ന് കാങ്കയത്തെ വ്യവസായികൾ.
ഓണ വിൽപ്പന മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ ഉയർന്ന അളവിൽ ചരക്ക് കേരളത്തിൽ വിൽപ്പനയ്ക്ക് ഇറക്കാൻ സജ്ജമാക്കി. വെളിച്ചെണ്ണ വില മൂന്നാഴ്്ചയായി സ്റ്റെഡിയായി നീങ്ങിയശേഷം വാരത്തിന്റെ രണ്ടാം പകുതിയിലാണ് ഉയർന്നത്. ആദ്യം കോഴിക്കോട് നിരക്ക് ഉയർത്തി വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൊച്ചി വില ഉയർത്തിയത്. എന്നാൽ അതിനൊപ്പം കൊപ്ര വില ഉയർത്താൻ അവർ തയാറായില്ല. വെളിച്ചെണ്ണ 15,500 രൂപയായി കയറിയപ്പോൾ കൊപ്ര വിലയിൽ മാറ്റമില്ല.
ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പിന് തുടക്കംകുറിച്ചെങ്കിലും വിളവ് നേരത്തേ പ്രതീക്ഷിച്ചതിലും കുറയുമെന്നാണ് ജക്കാർത്തയിൽ നിന്നും ലഭ്യമായ വിവരം. രാജ്യാന്തര വിപണിയിൽ അവർ ടണ്ണിന് 7500 ഡോളറാണ് ആവശ്യപ്പെടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദേശ മുളക് വിലകുറച്ച് വിറ്റുമാറാൻ ചില ഇറക്കുമതിക്കാർ നീക്കം നടത്തി. മഴ കനത്തതോടെ അന്തരീക്ഷ താപനില കുറയുന്നത് മുളകിലെ ജലാംശതോത് ഉയർത്തുന്നത് പൂപ്പൽബാധയ്ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് ഇറക്കുമതിക്കാർ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 66,700 രൂപയിലാണ്. ഇന്ത്യൻ നിരക്ക് ടണ്ണിന് 8100 ഡോളർ.
ആഭരണവിപണി ഉഷാറാകും
ആഭരണ വിപണികളിലേക്ക് വിവാഹ പാർട്ടികൾക്ക് പ്രവേശിക്കാൻ ഏറ്റവും അനുയോജ്യമായ സന്ദർഭം. ചുരുങ്ങിയ ദിവസങ്ങളിൽ പവന്റെ വില 55,000 രൂപയിൽ നിന്നും 51,400ലേക്ക് ഇടിഞ്ഞു. ബജറ്റിൽ സ്വർണ ഇറക്കുമതി ചുങ്കത്തിൽ വരുത്തിയ ഇളവാണ് നിരക്കു കുറയാൻ ഇടയാക്കിയത്. ശനിയാഴ്്ച പവൻ 51,600 രൂപയിലാണ്.