ഇരട്ടി വീര്യവുമായി ഇൻഡക്സുകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, July 29, 2024 12:51 AM IST
നിഫ്റ്റി സൂചിക കാൽലക്ഷത്തിലേക്ക് വലതുകാൽ വയ്ക്കാനുള്ള ശുഭമുഹൂർത്തത്തെ ഉറ്റുനോക്കുന്നു. അതേ, മുൻവാരം വ്യക്തമാക്കിയതാണ്, ഇരട്ടി വീര്യവുമായി ഇൻഡക്സുകൾ കുതിക്കുമെന്ന്. നിഫ്റ്റി ചരിത്രനേട്ടങ്ങൾ വാരിപ്പുണരുമ്പോൾ നിക്ഷേപകരുടെ മടിശീലയും വീർക്കുകയാണ്.
ഇന്ത്യൻ മാർക്കറ്റ് ആറുവർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായി എട്ട് ആഴ്്ചകളിൽ മികവ് നിലനിർത്തി. ബജറ്റ് പ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചപോലെ തന്നെ ശക്തമായ സാങ്കേതിക തിരുത്തൽ അനുഭവപ്പെട്ടെങ്കിലും ഇത് അവസരമാക്കി താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഇടപാടുകാർ അവസരം കണ്ടെത്തി. നിഫ്റ്റി 303 പോയിന്റും സെൻസെക്സ് 728 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
നിഫ്റ്റി ഓഗസ്റ്റ് സീരീസ് 24,657 ൽ നിന്നും 24,939 വരെ ഉയർന്ന് കരുത്ത് പ്രദർശിപ്പിച്ചെങ്കിലും വാരാന്ത്യം 24,915ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 142.64 ലക്ഷം കരാറുകളിൽ എത്തി. വാരാന്ത്യം ബുൾ ഓപ്പറേറ്ററർമാർ കാഴ്ചവെച്ച ശക്തമായ വാങ്ങൽ താത്പര്യം കണക്കിലെടുത്താൽ 25,000ലെ നിർണായക പ്രതിരോധം തകർത്ത് 25,098ലേക്കും തുടർന്ന് 25,280 ലേക്കും സഞ്ചരിക്കാം. സപ്പോർട്ട് 24,573 ലാണ്.
നിഫ്റ്റി മുൻവാരത്തിലെ 24,530 പോയിന്റിൽ നിന്നും 24,144 ലേക്ക് ഇടിഞ്ഞതിന് ബജറ്റ്വേളയിൽ നിക്ഷേപകർ സാക്ഷ്യം വഹിച്ചു. ബുൾ ഓപ്പറേറ്റർമാർ താഴ്ന്ന തലത്തിൽ ബയിംഗിന് ഉത്സാഹിച്ചത് റിക്കാർഡ് പ്രകടനത്തിന് അവസരം ഒരുക്കി. വെള്ളിയാഴ്ച ഉയർന്ന നിലവാരമായ 24,861.15 വരെ കയറിയ ശേഷം 24,834ൽ ക്ലോസിംഗ് നടന്നു.
നിഫ്റ്റിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 24,365 ലെ താങ്ങ് നിലനിൽക്കുവോളം ബുള്ളിഷ് മൂഡിലായിരിക്കും. മുന്നേറിയാൽ 25,082ൽ ആദ്യ പ്രതിരോധം, അതു മറികടന്നാൽ 25,330 പോയിന്റിലേക്ക് സൂചികയുടെ ദൃഷ്ടി തിരിയും. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക്കും ബുള്ളിഷാണ്. എംഎസിഡി ട്രെൻഡ്ലൈനിന് മുകളിൽ കരുത്തു നിലനിർത്തി. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐയും നിക്ഷേപകർക്ക് അനുകൂലം.
സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാരാന്ത്യ ക്ലോസിംഗായ 81,332 പോയിന്റിലാണ്. മുൻവാരത്തിലെ 80,604ൽ നിന്നും 79,393ലേക്ക് ഇടിഞ്ഞ ശേഷം 81,427 വരെ സൂചിക മുന്നേറി. ഈ വാരം 82,041-82,751 റേഞ്ചിൽ പ്രതിരോധമുണ്ട്. ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 80,007-78,683 പോയിന്റിൽ താങ്ങുണ്ട്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വാങ്ങലുകാരാണ്, 349 ദശലക്ഷം ഡോളർ കഴിഞ്ഞവാരം നിക്ഷേപിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം നാല് ബില്യൻ ഡോളറായി. വിദേശ പണപ്രവാഹം നിഫ്റ്റിയെയും സെൻസെക്സിനെയും പുതിയ ഉയരങ്ങളിൽ എത്തിച്ചു.
ആഭ്യന്തര ഫണ്ടുകൾ മുൻവാരത്തിന്റെ ആവർത്തനം പോലെ തിങ്കളാഴ്ചയും വിൽപ്പനക്കാരായിരുന്നു. അന്ന് അവർ 1652 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ ബജറ്റ് വേളയിൽ വിപണി ഇടപെടലിന് മുന്നോട്ടുവന്ന് മൊത്തം 9760 കോടി രൂപ നിക്ഷേപിച്ചു. വിദേശ ഫണ്ടുകൾ 5990 കോടി രൂപയുടെ വാങ്ങലും 10,710 കോടി രൂപയുടെ വിൽപ്പനയും നടത്തി.
രൂപയുടെ മൂല്യം 83.69ൽ നിന്നും മുൻവാരം സൂചിപ്പിച്ച 83.90 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ പഴയ നിലവാരത്തിലാണ്. സാങ്കേതികമായി രൂപ ദുർബലാവസ്ഥയിലാണ്. ഡോളറിനായി ഫണ്ടുകളും എണ്ണ ഇറക്കുമതിക്കാരും ഒന്നിച്ച് രംഗത്ത് അണിനിരന്നാൽ മൂല്യം 84ലേക്ക് ഇടിയാം. മികവിന് മുതിർന്നാൽ 83.60ൽ തടസം.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 2400 ഡോളറിൽനിന്നും 2432 വരെ ഉയർന്ന വേളയിലെ വിൽപ്പനസമ്മർദത്തിൽ 50 ദിവസങ്ങളിലെ ശരാശരി വിലയായ 2376ലെ നിർണായക സപ്പോർട്ട് തകർത്ത് 2351 ലേക്ക് ഇടിഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതേ വേഗതയിൽ തിരിച്ചുവരവിൽ ക്ലോസിംഗിൽ 2,386ന് മുകളിൽ ഇടംപിടിച്ചു.