കേന്ദ്രബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
Friday, July 19, 2024 11:42 PM IST
കൊച്ചി: ധനമന്ത്രി നിര്‍മല സീതാരാമന് ഈ മാസം 23ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സ്വര്‍ണ-വജ്ര വ്യാപാരികള്‍. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ആഭരണ വിപണിയിലുള്ളത്.
ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്നു പത്തു ശതമാനമായി കുറയ്ക്കുമെന്നാണു പ്രതീക്ഷ. ഇറക്കുമതി ചുങ്കം പത്തു ശതമാനം കുറച്ചാല്‍ വില 45,000 രൂപയിലേക്ക് എത്തും. ഇതിലൂടെ കള്ളക്കടത്ത് തടയാന്‍ കഴിയും.
സ്വര്‍ണത്തിന് 15 ശതമാനം ഇറക്കുമതി ചുങ്കവും മൂന്നു ശതമാനം ജിഎസ്ടിയുമാണ് നിലവിലുള്ളത്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏകദേശം ഒമ്പതു ലക്ഷം രൂപയില്‍ അധികമാണ് കള്ളക്കടത്തുകാര്‍ക്കു ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ വിലവര്ധനകൂടിയായപ്പോള് കള്ളക്കടത്തുകാര്‍ക്ക് ലാഭം വര്‍ധിച്ചു.
ഇറക്കുമതി നികുതി കുറയ്ക്കുക, പാന്‍ കാര്‍ഡ് പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുക, ജ്വല്ലറി മേഖലയ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ബുള്ളിയന്‍ ബാങ്ക് സ്ഥാപിക്കുക, സ്വര്‍ണം വാങ്ങുന്നതിന് ബാങ്കുകളില്‍ ഇഎംഐ സംവിധാനം ഏര്‍പ്പെടുത്തുക, എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ജ്വല്ലറി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുക, സ്വര്‍ണവ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കുക, സ്വര്‍ണത്തിന് ജിഎസ് ടി 1.25 ശതമാനമായി കുറയ്ക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്ര ബജറ്റില്‍ സ്വര്‍ണവ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുൾ നാസര്‍ പറഞ്ഞു.