സ്പൈസസ് ബോർഡ് നോക്കുകുത്തി
Monday, July 15, 2024 11:22 PM IST
ഏലക്ക കോടതി കയറുന്നു; വ്യവസായം തകരും-02/ കെ.എസ്. ഫ്രാൻസിസ്
ഏലത്തിന്റെ മാത്രം കൃഷികാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഏലം ബോർഡിനെ 1987ൽ വാണിജ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന സ്പൈസസ് എക്സ്പോർട്ട് പ്രമോഷൻ കൗണ്സിലുമായി ലയിപ്പിച്ച് രൂപീകരിച്ച സ്പൈസസ് ബോർഡ് 52 സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനമാണ് ഇപ്പോൾ നടത്തുന്നത്. ഏലംകൃഷി പ്രോത്സാഹനത്തിനും ഗുണനിലവാര വികസനത്തിനും സ്ഥാപനങ്ങളും ആളുകളുമുണ്ടെങ്കിലും ഇവരുടെ പ്രയോജനം കർഷകർക്കു ലഭിക്കുന്നത് നാമമാത്രം.
ഏലം കയറ്റുമതിയിൽ വലിയ സംഭാവനകളൊന്നും ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സ്വകാര്യ വ്യക്തികളും കന്പനികളുമാണ് ഇപ്പോൾ വൻതോതിൽ ഏലം കയറ്റുമതിചെയ്തു വില നിയന്ത്രിക്കുന്നത്. ഏലക്കായുടെ വില നിയന്ത്രണത്തിൽ സ്പൈസസ് ബോർഡിന് ഒരു ഇടപെടലുമില്ല.
ഏലംകൃഷി പ്രോത്സാഹനത്തിന് മുന്പ് ബോർഡ് ധനസഹായങ്ങൾ നൽകിയിരുന്നെങ്കിലും 52 സ്പൈസസുകളിൽ ഏറ്റവും ചെറിയ മേഖലയിൽ മാത്രമുള്ള ഏലംകൃഷിക്ക് ഇപ്പോൾ ബോർഡ് കാര്യമായ പരിഗണന നൽകുന്നില്ല. കർഷകർ സ്വമേധയാ വികസിപ്പിച്ചെടുത്ത വിത്തുകളും കൃഷി രീതികളുമാണ് ഇപ്പോൾ പ്രയോഗത്തിലുള്ളത്. മുന്പ് ഏക്കറിന് 150-200 കിലോ വരെ ലഭിച്ചിരുന്ന ഏലക്ക ഇപ്പോൾ 500-1000 കിലോ വരെയാണ് ഉത്പാദിപ്പിക്കുന്നത്.
അന്തവും കുന്തവുമില്ലാതെ ഏലം വില
വിലയുടെ കാര്യത്തിൽ നിയന്ത്രണവും മാനദണ്ഡങ്ങളും ഇല്ലെന്നതാണ് ഏലംമേഖല നിലവിൽ നേരിടുന്ന പ്രതിസന്ധി. ദിവസവും നൂറുകണക്കിനു രൂപയുടെ വ്യത്യാസമാണ് ഏലക്കായ്ക്ക് ഉണ്ടാകുന്നത്. നോക്കിനിൽക്കേ പൊട്ടുകയും വളരുകയും ചെയ്യും. ഏലക്കായ്ക്കു വില ഉയരുന്പോൾ ഉത്പാദനച്ചെലവും ഉയരും. വില താഴുന്പോൾ ചെലവ് കുറയാതെ നിൽക്കുകയും ചെയ്യുന്ന പ്രതിഭാസം സാധാരണ കർഷകരെയും വ്യാപാരികളെയും വല്ലാതെ കുഴക്കുന്നുണ്ട്.
ഏതാനും വ്യാപാരികളാണ് ഇതിന്റെ വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. അതിന്റെ ചൂരുപിടിച്ച് ലക്ഷത്തിലേറെ കർഷകരും ആയിരത്തിലേറെ ചെറുകിട വ്യാപാരികളും പിമ്പേ പോകുകയുമാണ്. ഏലത്തിന്റെ അന്താരാഷ്ട്ര ഡിമാൻഡ്, ഉത്പാദനം, ഇന്ത്യൻ വിപണിയുടെ ഡിമാൻഡ്, ഫ്യൂച്ചർ ട്രേഡിംഗ് സാധ്യത- ഇതൊന്നും മനസിലാക്കാനും അറിയിക്കാനും നിലവിൽ സംവിധാനങ്ങളില്ല. വൻകിട കച്ചവടക്കാരുടെ മിടുക്കാണ് ഇതിൽ പ്രധാനം. അതിനാൽ ഊഹങ്ങളുടെയും കേട്ടുകേഴ്വിയുടെയും പേരിൽ വ്യാപാരികളും കർഷകരും ലേല ഏജൻസികളും തമ്മിലുള്ള വഴക്കും വക്കാണവും വർധിക്കുകയുമാണ്.
കിലോയ്ക്ക് 4000 രൂപ ശരാശരി വില വന്ന ഏലക്കായ്ക്ക് ഇപ്പോൾ 2,000 രൂപയ്ക്കു താഴെയാണ് വില. അത് 1,000 രൂപ വരെയും 700 രൂപ വരെയുമായി താഴ്ന്നിരുന്നു. ഇത്തവണത്തെ ഉഷ്ണതരംഗം ഏലംകൃഷിയെ ഏറെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 40 ശതമാനത്തിലേറെ പ്രദേശത്തെ കൃഷി ഉണങ്ങിനശിച്ചതായാണ് കർഷകർ നൽകുന്ന കണക്ക്. ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥ അനുസരിച്ച് അടുത്ത സീസണിൽ ഏലം ഉത്പാദനം ഗണ്യമായി കുറയുമെന്നാണു കണക്കുകൂട്ടൽ.
ഈ നിലയിൽ ഇപ്പോൾ കിലോയ്ക്ക് 3,000 രൂപയ്ക്കു മുകളിൽ വില ലഭിക്കുമെന്നായിരുന്നു കർഷകരുടെ കണക്കുകൂട്ടൽ. അതു സംഭവിച്ചിട്ടില്ല. വൻകിട വ്യാപാരികൾ ഇപ്പോൾ വില കുറച്ച് സാധനം സ്റ്റോക്ക് ചെയ്യുകയാണെന്നും കർഷകരുടെ സ്റ്റോക്ക് തീർന്നുകഴിയുന്പോൾ വ്യാപാരികൾ സ്റ്റോക്ക് മാർക്കറ്റിലിറക്കി കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കർഷകരുടെ ആക്ഷേപം. ഇതിൽ സ്പൈസസ് ബോർഡിന്റെ ഇടപെടലാണ് കർഷകർക്ക് അഭികാമ്യമായി ഉണ്ടാകേണ്ടത്.
മാർക്കറ്റ് വിലയുടെ ന്യായമായ ലാഭം തങ്ങൾക്കും ലഭിക്കണമെന്നു കർഷകർ വാദിക്കുന്നു. വ്യാപാരികൾ ചരക്ക് സ്റ്റോക്കു ചെയ്തു കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും വില വർധിപ്പിച്ച് ലാഭം നേടുകയുമാണെന്ന് കർഷകർ പറയുന്നു. ഇതിൽ ഇടപെടാൻ സ്പൈസസ് ബോർഡിനു മാത്രമേ കഴിയൂ.
(അവസാനിച്ചു)