എസ്ബിഐ വായ്പകളുടെ പലിശ കൂട്ടി
Monday, July 15, 2024 11:18 PM IST
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചു.
വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) എസ്ബിഐ വർധിപ്പിച്ചത്. 0.10 ശതമാനം വരെയാണു വർധന. ഇതോടെ ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വർധിക്കും.
ഒറ്റനാൾ കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.1 ശതമാനത്തിൽ തുടരും. ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കിൽ അഞ്ചു ബേസിസ് പോയിന്റാണു വർധന.
മൂന്നു മാസ കാലാവധിയുള്ള വായ്പയ്ക്കു പത്തു ബേസിസ് പോയിന്റ് കൂട്ടി. ആറു മാസ, ഒരു വർഷ, രണ്ടു വർഷ വായ്പകളുടെയും പലിശ പത്ത് ബേസിസ് പോയിന്റ് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും.
മൂന്നു വർഷ കാലാവധിയിൽ അഞ്ചു പോയിന്റാണു വർധന. ഇതോടെ നിരക്ക് ഒന്പതു ശതമാനമാവും. എല്ലാ നിരക്കുകളും നിലവിൽവന്നതായി ബാങ്ക് അറിയിച്ചു.
തുടർച്ചയായി ഇതു രണ്ടാം തവണയാണ് എസ്ബിഐ പലിശനിരക്കുകൾ ഉയർത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ, പൊതുബാങ്കുകളും അടുത്തിടെ എംസിഎൽആർ കൂട്ടിയിരുന്നു.
എംസിഎൽആർ?
ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്തണം.
ബാങ്കിന്റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവകൂടി വിലയിരുത്തിയാണ് എംസിഎൽആർ നിർണയം.