കൊപ്ര വിറ്റഴിച്ച് കർണാടകയും തമിഴ്നാടും; കേരളത്തിലെ കർഷകർക്ക് ആശങ്ക
Monday, July 15, 2024 11:18 PM IST
കണ്ണൂർ: കർണാടകയും തമിഴ്നാടും നാഫെഡ് മുഖേന സംഭരിച്ചു വച്ചിരിക്കുന്ന കൊപ്ര വിറ്റഴിക്കുന്നു. 1,15,000 ടൺ കൊപ്രയാണു വിൽക്കുന്നത്.
ഈ മാസം 17നു തമിഴ്നാടും 19നു കർണാടകയും കൊപ്ര വിറ്റഴിക്കും. ഇതോടെ, കേരളത്തിൽ തേങ്ങയുടെ വില ഇനിയും കുറയുമെന്ന ആശങ്കയിലാണു കേര കർഷകർ.
നിലവിൽ പച്ചത്തേങ്ങ കിലോയ്ക്ക് 29 രൂപ നിരക്കിലാണ് ശേഖരിക്കുന്നത്. തറവില 34 രൂപയായി ഉയർത്തിയെങ്കിലും കൃഷിഭവൻ മുഖേന ഇത്തവണ സംഭരണം നടത്തിയില്ല.
കേരഫെഡ് മുഖേന 2023ൽ 34 രൂപ നിരക്കിൽ സംഭരിച്ച തേങ്ങയുടെ സബ്സിഡി സർക്കാർ ഇതുവരെ വിതരണം ചെയ്യാത്തതും പച്ചത്തേങ്ങ സംഭരണത്തിന് സൊസൈറ്റികളോ കേരഫെഡോ തയാറാകാത്തതുമാണു സംഭരണത്തിനു തടസം. നാളികേര വില കുറയാതിരിക്കാൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.