പീഡിതവ്യവസായങ്ങളെ പുനരുദ്ധരിക്കാൻ ഇൻമെക് പദ്ധതി
Friday, July 5, 2024 12:39 AM IST
കൊച്ചി: പ്രതിസന്ധി നേരിടുന്ന വ്യവസായ യൂണിറ്റുകളെ ഏറ്റെടുത്ത് പുനരുദ്ധരിക്കാനുള്ള പദ്ധതിയുമായി ഇൻഡോ- ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്).
വലിയ തുക മുടക്കി സംരംഭങ്ങൾ തുടങ്ങുകയും പലവിധ പ്രതിസന്ധികൾ മൂലം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതുമായ യൂണിറ്റുകളാകും ഏറ്റെടുക്കുക. പ്രവർത്തനം നിലച്ച യൂണിറ്റുകളുടെയും ഉത്പന്നങ്ങളുടെയും വിപണിസാധ്യതയും പുനരുജ്ജീവന സാധ്യതകളും പഠിച്ചശേഷമാകും തുടർനടപടികൾ. ദി റൈസ് എന്നപേരിലാണ് പദ്ധതി നടപ്പാക്കുക.
പുനരുജ്ജീവനം ആഗ്രഹിക്കുന്ന കേരളത്തിലെ പീഡിതവ്യവസായങ്ങളുടെ ഡാറ്റ തയാറാക്കിയശേഷം വിദഗ്ധ പഠനം നടത്തും.
പ്രഫഷണൽ പങ്കാളിത്തത്തോടെ സംരംഭങ്ങൾ പുനരുദ്ധരിച്ച് മുന്നോട്ടുകൊണ്ടുപോകാമെന്ന് ആത്മവിശ്വാസമുള്ള പീഡിത വ്യവസായങ്ങൾ ഇൻമെക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ ഡോ.എൻ.എം ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ, കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.