ദിനേശ് ഡാറ്റാ സെന്ററിന് അന്താരാഷ്ട്ര അംഗീകാരം
Saturday, June 15, 2024 12:28 AM IST
കണ്ണൂർ: കേരള ദിനേശിന്റെ ഡാറ്റാ സെന്റർ ഇൻഫർമേഷൻ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, പ്രൈവസി പ്രൊട്ടക്ഷൻ എന്നിവയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ/ഐഇസി 27001:2022 സർട്ടിഫിക്കറ്റിന് അർഹമായി.
സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവര സുരക്ഷ, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയിൽ കേരള ദിനേശ് പുലർത്തുന്ന ഉന്നത നിലവാരം പരിഗണിച്ചാണ് പുരസ്കാരം.
ദിനേശ് ഐടി സിസ്റ്റംസിൽ നടന്ന ചടങ്ങിൽ ഗബ്രിയൽ രജിസ്ട്രാർ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രവികുമാറിൽനിന്നും കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ കേരള ദിനേശ് സെക്രട്ടറി എം.എം. കിഷോർ കുമാർ, ഡിറ്റ്സ് ചീഫ് ടെക്നിക്കൽ ഓഫീസർ ടോമി ജോൺ, ഡിറ്റ്സ് ജനറൽ മാനേജർ പി.എം. മധു, സൈബർ നാപിയൻസ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ജി. ധനേഷ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കും പ്രത്യേകിച്ച് ചെറിയ സംഘങ്ങൾക്കുപോലും അവരുടെ സോഫ്റ്റ്വേറുകളും ഡാറ്റയും പ്രവർത്തിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും വളരെ കുറഞ്ഞ നിരക്കിൽ കേരള ദിനേശിന്റെ സംവിധാനം ഉപയോഗപ്പെടുത്താമെന്നും ഇടപാടുകാരുടെ വിലപ്പെട്ട വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡാറ്റാ സെന്റർ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു പറഞ്ഞു.