ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Monday, May 13, 2024 10:40 PM IST
കൊച്ചി: ചാനലുകൾക്കു പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക നൽകി ടിവി പരിപാടികൾ കാണുന്നവർക്ക് ഇനി അതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ആസ്വദിക്കാം. രാജ്യത്ത് ആദ്യമായി ഈ സേവനം ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി ആരംഭിച്ചു.
ചാനലുകൾക്കു പുറമേ ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന പാക്കേജാണ് ഡിഷ് ടിവി അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ടിവി സബ്സ്ക്രിപ്ഷനുകൾക്കൊപ്പം ബിൽറ്റ്-ഇൻ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഡിടിഎച്ച് സേവനദാതാക്കളാകുകയാണ് ഡിഷ് ടിവി.
ചാനൽ സബ്സ്ക്രിപ്ഷന് റീചാർജ് ചെയ്യുന്പോൾ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നതാണ് സ്മാർട്ട് പ്ലസ് പാക്കേജ്. അധികതുക ചെലവില്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണു ലക്ഷ്യമിടുന്നതെന്ന് ഡിഷ് ടിവി ഇന്ത്യ സിഇഒ മനോജ് ധോബൽ പറഞ്ഞു.
ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയ്ഡ് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ നിർമിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉത്പന്ന നിർമാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.