കൈവിട്ടു പോകുമോ!
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 13, 2024 12:45 AM IST
നിക്ഷേപത്തിന് അത്ര അനുകൂലമല്ലെന്ന നിലയിലേക്കു സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണോ? തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതിനിടെ ബാധ്യതകൾ വിറ്റുമാറാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിക്കുന്നതു കണക്കിലെടുത്താൽ താത്കാലികമായി സൂചികകൾ തിരുത്തലിന്റെ പാദയിലേക്കു പ്രവേശിക്കാനാണു സാധ്യത. ബുൾ ഓപ്പറേറ്റർമാരെ തുരത്താനുള്ള അണിയറനീക്കങ്ങൾ വിപണിയിൽ അരങ്ങേറുന്നതായി വേണം വിലയിരുത്താൻ.
സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനത്തിനടുത്തു തളർന്നപ്പോൾ ബാങ്ക് നിഫ്റ്റി മൂന്നു ശതമാനത്തിൽ അധികമിടിഞ്ഞു. ബോംബെ സെൻസെക്സ് 1213 പോയിന്റും നിഫ്റ്റി 420 പോയിന്റും താഴ്ന്നു, ബാങ്ക് നിഫ്റ്റി 1502 പോയിന്റ് വീണു.
വിൽപ്പനശ്രമം
വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി. തെരഞ്ഞെടുപ്പിനിടയിലെ അനിശ്ചിതത്വങ്ങൾ കാര്യമാക്കാതെ ആഭ്യന്തരനിക്ഷേപകർ പുതിയ ബാധ്യതകൾക്കു തയാറായി.
അവരുടെ ആ റിസ്ക് മനോഭാവം വ്യാഴാഴ്ചത്തെ വൻ തകർച്ചയിൽനിന്നു വെള്ളിയാഴ്ച മുൻനിര സൂചികകളെ ചെറിയ അളവിൽ ഉയർത്തി. ആശ്വാസറാലി വാരാന്ത്യം ദൃശ്യമായെങ്കിലും ആഭ്യന്തര ഓഹരികൾ രണ്ടു മാസത്തിനിടയിലെ ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ ലോംഗ് കവറിംഗിനു തിടുക്കം കാണിച്ചതിനൊപ്പം പുതിയ ഷോർട്ട് പൊസിഷനുകൾക്കും മത്സരിച്ചു. ഓപ്പണ് ഇന്ററസ്റ്റിലെ വ്യതിയാനങ്ങൾ തളർച്ചയ്ക്കുള്ള സാധ്യതയിലേക്കു വിരൽചൂണ്ടുന്നു.
ഡെയ്ലി ചാർട്ടിൽ ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ട്ടപ്പെട്ട അവസ്ഥയിലാണു വാരാന്ത്യം, ഒപ്പം ഇൻഡിക്കേറ്റുകൾ പലതും വിൽപ്പനക്കാർക്ക് അനുകൂലമാണ്. സൂചികയുടെ ചലനങ്ങൾവച്ച് 22,000ലെ താങ്ങ് നഷ്ടപ്പെട്ടാൽ 21,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. നിഫ്റ്റി 22,475ൽനിന്നു തുടക്കത്തിൽ 22,577 വരെ കയറിയെങ്കിലും മുൻവാരം സൂചിപ്പിച്ച 22,115ലെ രണ്ടാം സപ്പോർട്ട് തകർത്ത് വിപണി 21,938 വരെ ഇടിഞ്ഞു, ക്ലോസിംഗിൽ നിഫ്റ്റി 22,055 പോയിന്റിലാണ്.
സ്ഥിതി സങ്കീർണം
വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലേക്കു മുഖംതിരിച്ചതു സ്ഥിതി സങ്കീർണമാക്കാം. പരാബോളിക്ക് എസ്എആറും സൂപ്പർ ട്രെൻഡും സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചു. എന്നാൽ, മറ്റു ചില സൂചികകൾ ഓവർസോൾഡ് മേഖലയിലാണ്.
സെൻസെക്സ് 73,878 പോയിന്റിൽനിന്നും 74,336ലേക്കു ചുവടുവച്ച് നിക്ഷേപകർക്കു പ്രതീക്ഷ പകർന്നെങ്കിലും കൂടുതൽ കരുത്തിന് അവസരം നൽകാത്തവിധം ഫണ്ടുകൾ വിൽപ്പനയ്ക്കു മത്സരിച്ചതിന്റെ ഫലമായി 72,364 വരെ ഇടിഞ്ഞു. വാരാവസാനം അൽപ്പം മെച്ചപ്പെട്ട സെൻസെക്സ് 72,664 പോയിന്റിലാണ്.
രൂപയ്ക്കു തകർച്ച
ഡോളറിനു മുന്നിൽ രൂപയുടെ കാലിടറി. രൂപ 83.40ൽനിന്നും 83.51ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 83.50ലാണ്. വിദേശഫണ്ടുകൾ തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യയിൽ വിൽപ്പനക്കാരായി, കഴിഞ്ഞ വാരം 21,619 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 24,975 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ പതിനാലാം ദിവസവും നിക്ഷപകരാണ്.
രാജ്യാന്തര സ്വർണവില മുന്നേറി. അമേരിക്ക പലിശനിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന നിലപാട് മഞ്ഞലോഹത്തിനു ശക്തി പകർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും തൊഴിൽമേഖലയിലെ മരവിപ്പും നിക്ഷേപകരെ ആകർഷിച്ചതോടെ ട്രോയ് ഒൗണ്സിന് 2301 ഡോളറിൽനിന്ന് 2378.56 ഡോളർ വരെ ഉയർന്ന സ്വർണം ക്ലോസിംഗിൽ 2360 ഡോളറിലാണ്.