പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, April 22, 2024 12:16 AM IST
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ മൂർച്ഛിച്ചതിനിടെ, ഇറാനിൽനിന്നും ഉയർന്ന വെടിയൊച്ച ഏഷ്യൻ-യൂറോപ്യൻ ഓഹരി വിപണികളെ പ്രകന്പനം കൊള്ളിച്ചു. പ്രതികൂല വാർത്തകളിൽ ഇന്ത്യൻ സൂചികകൾ ആടിയുലഞ്ഞെങ്കിലും ഏപ്രിൽ എട്ടിന് ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടിൽ വാരാന്ത്യം പിടിച്ചുനിന്നു.
സെൻസെക്സ് 1156 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 73,090ൽ വിപണിക്ക് സപ്പോർട്ട് ലഭിക്കുമെന്ന ഏപ്രിൽ രണ്ടാം വാരം നൽകിയ വിലയിരുത്തൽ ശരിവച്ച് ക്ലോസിംഗിൽ സൂചിക 73,088 പോയിന്റിലാണ്. നിഫ്റ്റി 373 പോയിന്റ് ഇടിഞ്ഞു. മുൻനിര സൂചികകൾക്ക് ഒന്നര ശതമാനം നഷ്ടം.
റിക്കാർഡ് തകർച്ച
രൂപയ്ക്ക് റിക്കാർഡ് മൂല്യത്തകർച്ച. 82.52ൽനിന്നു വിനിമയനിരക്ക് 83.80ലേക്ക് ഇടിഞ്ഞശേഷം 83.47ലാണ്. തിരിച്ചുവരവിനു ശ്രമം നടന്നാൽ 83.02 - 82.72ലേക്കു രൂപ ശക്തിപ്രാപിക്കാം.
സംഘർഷ വാർത്തകളിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചെങ്കിലും അതേ വേഗത്തിൽ വിപണി തണുത്തു. ബാരലിന് 91 ഡോളറിലേക്ക് ഉയർന്ന എണ്ണ പിന്നീട് 87.20ലേക്കു താണു. ഉയർന്ന തലത്തിൽനിന്നുള്ള തിരുത്തൽ 85 ഡോളർ വരെ തുടരാം. തിരിച്ചുവരവിൽ ക്രൂഡ് 91ലെ പ്രതിരോധം തകർത്താൽ 96ലേക്കും തുടർന്ന് 100 ഡോളറിലേക്കും ഉയരും. എന്നാൽ 85ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ അടുത്ത മാസം എണ്ണ 80 ഡോളറിലേക്കു തിരിയുമെന്നാണു വിലയിരുത്തൽ.
ഒഴുക്ക് തടസപ്പെടും
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായാൽ എണ്ണ നീക്കം തടസപ്പെടും. സ്ഥിതിഗതിയിൽ അയവു വരുത്താൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നടത്തിയ അടിയന്തരനീക്കങ്ങൾ ഫലം കണ്ടു. അതേസമയം, വീണ്ടും പ്രകോപനങ്ങളുണ്ടായാൽ എണ്ണയ്ക്കൊപ്പം രൂപയുടെ മൂല്യവും ചാഞ്ചാടും.
നിഫ്റ്റി തുടക്കത്തിൽ നേരിയ റേഞ്ചിൽ നീങ്ങിയശേഷം 22,524ലേക്കു കയറിയെങ്കിലും പിന്നീട് 21,777ലേക്കു താണു. ക്ലോസിംഗിൽ 22,147 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 22,521ലും 22,896 പോയിന്റിലും പ്രതിരോധം തലയുയർത്താം. വിപണി വീണ്ടും തിരുത്തലിനു മുതിർന്നാൽ 21,774ലും 21,402ലും താങ്ങു ലഭിക്കും. ഇതു നഷ്ടപ്പെട്ടാൽ മെയിൽ സൂചിക 20,655ലേക്കു തളരും.
നിഫ്റ്റിയെ സാങ്കേതികമായി വീക്ഷിച്ചാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡും വാരാന്ത്യം വിൽപ്പനക്കാർക്ക് അനുകൂലമായി. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർസോൾഡാണ്.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് വാരാന്ത്യം 22,275ലാണ്; ഇടിവ് രണ്ടു ശതമാനം.
സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. ഫ്യൂച്ചേഴ്സ് ഓപ്പണ് ഇന്ററസ്റ്റ് തൊട്ടു മുൻവാരത്തിൽ 130.4 ലക്ഷം കരാറുകളിൽനിന്നു പൊടുന്നനെ 155.7 ലക്ഷത്തിലേക്ക് ഉയർന്നതിനിടയിൽ, സൂചികയ്ക്ക് ഇടിവു സംഭവിച്ചതു പുതിയ ഷോർട്ട് പൊസിഷനുകളുടെ സാധ്യത വ്യക്തമാക്കുന്നു. ഫ്യൂച്ചർ ചാർട്ട് പ്രകാരം 22,500ലെ പ്രതിരോധം തകർത്താൽ 22,750നെ ലക്ഷ്യമാക്കാം. എന്നാൽ 22,000ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം.
സെൻസെക്സിനു തിരിച്ചടി
ബോംബെ സെൻസെക്സ് കനത്ത തിരിച്ചടി നേരിട്ടു. 73,901ൽനിന്നുള്ള തകർച്ചയിൽ 71,830ലേക്ക് ഇടിഞ്ഞെങ്കിലും അതേ വേഗതയിൽ തിരിച്ചു കയറി. രണ്ടാഴ്ച മുന്പ് ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടിലാണ് വാരാന്ത്യം വിപണി വിശ്രമിച്ചത്. പശ്ചിമേഷ്യൻ വെടിയൊച്ചകൾക്കിടയിലും 73,088ൽ ഇടംപിടിക്കാനായത് നിക്ഷേപകരുടെ ഭാഗത്തുനിന്നും വീക്ഷിക്കുന്പോൾ ശുഭസൂചനയാണ്. എന്നാൽ ലോംഗ് ടേം ട്രെൻഡ്ലൈൻ സപ്പോർട്ട് 70,130 റേഞ്ചിലേക്ക് വിപണിയുടെ ദൃഷ്ടി പതിക്കുന്നു. ഈ വാരം സെൻസെക്സിന് 71,978ലും 70,868ലും താങ്ങു പ്രതീക്ഷിക്കാം. അനുകൂല വാർത്തകൾ സൂചികയെ 74,049-75,010ലേക്കു നയിക്കും.
തിളങ്ങി സ്വർണം
ന്യൂയോർക്കിൽ സ്വർണത്തിനു തിളക്കമേറി. ട്രോയ് ഒൗണ്സിന് 2,325 ഡോളറിൽനിന്ന് 2,418 ഡോളർ വരെ കയറിയശേഷം വാരാന്ത്യം 2,391 ഡോളറിലാണ്. ഈ വാരം 2,415 ഡോളറിലെ പ്രതിരോധം തകർത്താൽ വിപണി 2,500നെ ലക്ഷ്യംവയ്ക്കും. 30 ദിവസങ്ങളിൽ സ്വർണവില ട്രോയ് ഒൗണ്സിന് 214.60 ഡോളർ ഉയർന്നു, അതായത് 9.86 ശതമാനം. വിപണിയുടെ ചരിത്രത്തിൽത്തന്നെ ഇത്ര വേഗമേറിയ മുന്നേറ്റം അപൂർവമാണ്.
വാരാന്ത്യവിൽപ്പന
വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി 11,996 കോടി രൂപയുടെ ഓഹരികൾ വിറ്റു. വാരാന്ത്യം 129 കോടി രൂപയുടെ ഓഹരികൾ വാങ്ങാൻ അവർ ഉത്സാഹിച്ചു. ആഭ്യന്തരഫണ്ടുകൾ 9,089 കോടി രൂപയുടെ നിക്ഷേപവും 52 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഏപ്രിലിൽ വിദേശഫണ്ടുകൾ 22,229 കോടി രൂപ പിൻവലിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 21,269 കോടി രൂപ നിക്ഷേപിച്ചു.