ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
Friday, April 19, 2024 11:15 PM IST
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കന്പനിയായ ഇൻഫോസിസ് ഡിവിഡന്റ് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ഇതനുസരിച്ച് ഒരു ഓഹരിക്ക് 28 ശതമാനം ഡിവിഡന്റ് ലഭിക്കും; 20 രൂപ ഫൈനൽ ഡിവിഡന്റും എട്ടു രൂപ പ്രത്യേക ഡിവിഡന്റും. കഴിഞ്ഞ സാന്പത്തികവർഷത്തേക്കാൾ 30 ശതമാനം ലാഭക്കുതിപ്പ് കന്പനിക്കുണ്ടായി.
ഈ ഡിവിഡന്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ അഞ്ചു വയസുള്ള കൊച്ചുമകൻ ഏകാഗ്രഹിന്റെ അക്കൗണ്ടിലെത്തിയത് 4.2 കോടി രൂപയാണ്. നാരായണമൂർത്തിയുടെ മകൻ രോഹന്റെ മകനാണ് ഏകാഗ്രഹ് രോഹൻ മൂർത്തി.
ഒരു മാസം മുന്പ് നാരായണമൂർത്തി ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ ഏകാഗ്രഹിനു സമ്മാനമായി നൽകിയിരുന്നു. ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലക്ഷപ്രഭുക്കളിലൊരാളായി ഏകാഗ്രഹ് മാറി.
ഇൻഫോസിസിൽ 0.04 ശതമാനം ഓഹരിയാണ് ഏകാഗ്രഹിനുള്ളത്. നിലവിൽ ഇതിന്റെ മൂല്യം ഏകദേശം 210 കോടി രൂപ വരും. ഏകദേശം 1400 രൂപയാണ് നിലവിൽ ഒരു ഇൻഫോസിസ് ഓഹരിയുടെ വില.