ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല: കേന്ദ്രസര്‍ക്കാര്‍
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: ബോണ്‍വിറ്റയെ ആരോഗ്യകരമായ പാനീയം (ഹെൽത്തി ഡ്രിങ്ക്സ്) എന്ന വിഭാഗത്തിൽനിന്നു നീക്കാൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചത്.
2006ലെ എഫ്എസ്എസ് നിയമപ്രകാരം ഒരു പാനീയവും ആരോഗ്യകരമായ പാനീയത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് ഈ മാസം പത്തിനു കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ബോണ്‍വിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എഫ്എസ്എസ് നിയമം 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങളില്ലെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്.
പാൽ, സെറിയൽ, മാൾട്ട് അടിസ്ഥാനമായ പാനീയങ്ങൾ എന്നിവയെ ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി വിറ്റഴിക്കരുതെന്ന് ഈ മാസമാദ്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (എഫ്എസ്എസ്എഐ) ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് നിർദേശം നൽകിയതാണ്. ഇന്ത്യൻ ഭക്ഷ്യനിയമത്തിൽ ഹെൽത്ത് ഡ്രിങ്ക്സിനെ നിർവചിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
നിയമങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ളേവർ ചെയ്ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
ബോണ്‍വിറ്റ ഒരു ആരോഗ്യപാനീയമായാണു കന്പനി അവതരിപ്പിക്കുന്നതെങ്കിലും കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ ആരോപണം ഉയർന്നിരുന്നു.
ഇതേത്തുടർന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പാക്കേജിംഗും പിൻവലിക്കാൻ ബാലാവകാശ കമ്മീഷൻ കന്പനിയോട് ആവശ്യപ്പെട്ടു. അതേസമയം, ബ്രാൻഡിനെതിരായ വാദങ്ങൾ അശാസ്ത്രീയമാണെന്ന് ബോണ്‍വിറ്റ നിർമാതാക്കളായ മൊണ്ടെലസ് ഇന്റർനാഷണൽ പ്രതികരിച്ചു. കാഡ്ബറിയാണു മൊണ്ടെലെസ് ഇന്റർനാഷണലിന്റെ മാതൃസ്ഥാപനം.