കാന്പസ് വ്യവസായ പാർക്കിന് അനുമതി; ആദ്യഘട്ടം 25 പാർക്കുകൾ
Thursday, February 29, 2024 12:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കാന്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള സുപ്രധാന നിർദേശത്തിനു മന്ത്രിസഭായോഗം അനുമതി നൽകി. ആദ്യഘട്ടമെന്ന നിലയിൽ ഈ സാന്പത്തിക വർഷം സംസ്ഥാനത്തെ 25 കാന്പസുകളിലാകും വ്യവസായ പാർക്കുകൾ ആരംഭിക്കുക.
പദ്ധതിയിൽ താത്പര്യം അറിയിച്ച് 79 വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്നു സർവകലാശാലകളും രംഗത്ത് എത്തിയിട്ടുണ്ട്. വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള മാർഗരേഖയ്ക്കും (കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം) അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കാന്പസുകളിൽ സ്ഥാപിക്കുന്ന വ്യവസായ പാർക്കുകൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരമുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനത്തിനു നിഷ്കർഷിച്ചിട്ടുള്ള ഭൂമിയേക്കാൾ അഞ്ച് ഏക്കർ വരെ അധിക ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിനു അപേക്ഷിക്കാമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സർവലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷണൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും അപേക്ഷിക്കാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാൻ രണ്ട് ഏക്കർ ഭൂമി മതിയാകും.
വ്യവസായ, ഉന്നത വിദ്യാഭ്യാസ, ധന, റവന്യു, തദ്ദേശ, ജലവിഭ, ഊർജ, പരിസ്ഥിതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. ജില്ലാതല സമിതിയുടെ പരിശോധനയ്ക്കു ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക.
അനുമതി നൽകുന്ന പാർക്കുകളിൽ റോഡുകൾ, വൈദ്യുതി, മാലിന്യ നിർമാർജനം തുടങ്ങിയ പൊതു സൗകര്യങ്ങൾ ഒരുക്കാൻ 1.5 കോടി രൂപവരെ സർക്കാർ അനുവദിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്കും ഈ തുക അനുവദിക്കും. പാർക്കുകളിലെ ഉത്പാദന യൂണിറ്റുകളിൽ ഇൻസെന്റീവും പരിഗണിക്കും.
വിദ്യാർഥികൾക്ക് പാർട് ടൈം തൊഴിൽ അവസരവും ഇന്റേൺഷിപ് സൗകര്യവും ഒരുക്കും. സ്വകാര്യ പാർക്ക് മാതൃകയിൽ മാനേജ്മെന്റിന് നിയന്ത്രണമുണ്ടാകും. അധ്യാപകരുടെ പ്രോജക്ടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കും പാർക്കുകളിലെ വ്യവസായ മാതൃക ഉപയോഗപ്പെടുത്താമെന്നും കരടിൽ നിർദേശിക്കുന്നു.