മൗണ്ടൻ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മൂന്നാർ
Sunday, February 25, 2024 12:13 AM IST
തൊടുപുഴ: രാജ്യത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനാകാന് ഒരുങ്ങി മൂന്നാർ. ഇവിടുത്തെ വൈബ് റിസോർട്ട് സംസ്ഥാനത്തെ ആദ്യത്തെ മൗണ്ടൻ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ വേദിയാണെന്ന് മാനേജിംഗ് ഡയറക്ടർ ഷോജൻ കോക്കാടൻ, ജനറൽ മാനേജർ ബേസിൽ യോയാക്കി എന്നിവർ അറിയിച്ചു.
ഗുജറാത്തിൽനിന്നുള്ള ജൈനമതവിഭാഗത്തിൽപ്പെട്ട ദന്പതികളുടെ വിവാഹമാണ് മൂന്നു ദിവസങ്ങളിലായി ഇവിടെ നടക്കുന്നത്. ഇതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 600 പേർ വിവാഹ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിന്റെ തനതുശൈലികൾ കോർത്തിണക്കിയുള്ള സ്വീകരണരീതികളും പരന്പരാഗത നോർത്ത് ഇന്ത്യൻ വെഡ്ഡിംഗ് ആചാരാനുഷ്ഠാനങ്ങളും ഉൾപ്പെടുത്തിയുള്ള ആചാര കർമങ്ങളും വിവാഹത്തിന്റെ ഭാഗമാകും.
ഇതോടൊപ്പം പരന്പരാഗത ഇലസദ്യയും അത്യാധുനിക വിഭവങ്ങളും പ്രശസ്തരായ ഷെഫുമാരുടെ നേതൃത്വത്തിൽ തയാറാക്കും. ഇടുക്കിയെയും കേരളത്തിന്റെ കാഷ്മീരായ മൂന്നാറിനെയും ലോകത്തിനു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സ്റ്റാളുകളും കേരളവസ്ത്രങ്ങളുടെ സ്റ്റാളുകളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
15,000 ചതുരശ്രയടി വിസ്തീർണമുള്ള കണ്വൻഷൻ സെന്ററും 7000 ചതുരശ്രയടി വിസ്തീർണമുള്ള ഓപ്പണ്ലോണ് ഏരിയയും 300 പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന റൂഫ്ടോപ്പ് സ്വിമ്മിംഗ് പൂളും ഇവിടെയുണ്ട്.
ജില്ലയിൽ സ്വന്തമായി ഹെലിപാഡ് സൗകര്യമുള്ളതും വൈബ് റിസോർട്ടിനാണ്. വിവാഹത്തിനായി എത്തുന്ന വധൂവരൻമാർക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങാനും സാധിക്കുമെന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
വരുംനാളുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെ മൂന്നാറിലേക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി എത്തിക്കാനാണ് വൈബ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.