സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു
Thursday, February 15, 2024 12:07 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമായി. വെള്ളി വിലയിലും ഇടിവ് ഉണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണവില 2,028 ഡോളറില്‍നിന്നും 38 ഡോളര്‍ താഴ്ന്ന് 1,990 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോളര്‍ കുറഞ്ഞു. സ്വര്‍ണം മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലും വെള്ളി മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. ഏറെ നാളുകള്‍ക്കുശേഷം സ്വര്‍ണം 2,000 ലെവലിനു താഴെയാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് 3.40ല്‍നിന്നും 2.90 ലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നത് 3.10ല്‍ അവസാനിക്കുകയാണു ചെയ്തത്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയാതിരുന്ന സാഹചര്യത്തില്‍ പലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന തീരുമാനം മാറി ചിന്തിക്കാന്‍ ഇടയാക്കിയേക്കുമെന്നതാണു സ്വര്‍ണവില കുറയാന്‍ കാരണമായത്.
മിഡില്‍ ഈസ്റ്റിലും കിഴക്കന്‍ യൂറോപ്പിലും നിലനില്‍ക്കുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ സ്വര്‍ണവിലയുടെ കുറവിനെ പരിമിതപ്പെടുത്തിയേക്കാം. സ്വര്‍ണവില വലിയതോതില്‍ ഇടിയില്ലെന്നാണു വിപണിയുടെ അനുമാനം.