കേരള ഖാദി വസ്ത്രങ്ങളുടെ വില്പന ദുബായിലും
Friday, December 1, 2023 1:45 AM IST
കൊച്ചി: കേരള ഖാദി വസ്ത്രങ്ങളുടെ വില്പനയ്ക്ക് ദുബായിലും വേദി ഒരുങ്ങുന്നതായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്.
കേരള ഖാദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശത്ത് ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്ക് വേദി ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയായ ഓര്മ ഓവര്‍സീസ് മലയാളി അസോസിയേഷന് രണ്ട്, മൂന്ന് തീയതികളില്‍ അല്‍ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കേരളോത്സവം സാംസ്കാരിക നഗരിയിലാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുക.
തുടക്കം എന്ന നിലയില്‍ ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, ഒറ്റമുണ്ടുകള്‍, തോര്‍ത്ത്, കുപ്പടം സാരികള്‍, കോട്ടണ്‍ സാരികള്‍, കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവയുടെ വില്‍പ്പനയാണ് നടത്തുക. ഇതിനാവശ്യമായ വസ്ത്രങ്ങള്‍ ദുബായിലേക്ക് കയറ്റി അയച്ചതായും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി. സുധാകരന്, എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.എ. അഷിത എന്നിവരും പങ്കെടുത്തു.