ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഉദ്ഘാടനം ഒന്നിന്
Monday, November 27, 2023 1:37 AM IST
തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്- 2023) അഞ്ചാം പതിപ്പ് ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞുരണ്ടിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യും.
ആരോഗ്യ പരിപാലനത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളും നവോർജത്തോടെ ആയുർവേദവും എന്നതാണു പ്രമേയം.ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സമ്മേളനം ചർച്ചചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ദേശീയ ആരോഗ്യ മേളയുടെ ഉദ്ഘാടനം ഒന്നിന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും വിഷൻ കോണ്‍ക്ലേവ് ഉദ്ഘാടനം കേന്ദ്രമന്ത്രി പർഷോത്തം രൂപാലയും നിർവഹിക്കും. കോ-ഓപറേഷൻ കോണ്‍ക്ലേവ് ഡിസംബർ രണ്ടിന് ശ്രീലങ്കൻ സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. ബിടുബി മീറ്റ് മൂന്നിന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
സമാപന സമ്മേളനം അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ, കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ആയുർവേദ സംഘടനകൾ ചേർന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്.
അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 5.30 വരെ സെമിനാർ നടക്കും.
ആയുർവേദ ഗവേഷണങ്ങൾ, ആയുർവേദ മരുന്നുകളുടെ വികസനം, ആയുർവേദ ശസ്ത്രക്രിയയിലെ പുതിയ പ്രവണതകൾ, ആയുർവേദവും പൊതുജനാരോഗ്യവും, യോഗയുടെയും ആയുർവേദത്തിന്റെയും സംയോജനം, കോവിഡ് കാലത്തെ ആയുർവേദ ഗവേഷണാനുഭവങ്ങൾ, കാൻസർ-ന്യൂറോളജിക്കൽ രോഗ ചികിത്സാ പരിപാടി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധചർച്ച നടക്കും.
കൃഷി, വിളവെടുപ്പ്, സംഭരണം, മൂല്യവർധന, വിപണനം എന്നിവ ചർച്ച ചെയ്യുന്നതിനായി കർഷകരുമായും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുമായുമുള്ള മെഡിസിനൽ പ്ലാന്റ് എഫ്പിഒ മീറ്റ് ഡിസംബർ അഞ്ചിന് നടക്കും.