മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോൾഡ് അവാർഡ് കാന്തല്ലൂരിന്
Thursday, September 28, 2023 1:24 AM IST
തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡിന് തെരഞ്ഞെടുത്തു. ടൂറിസത്തിലൂടെ സാമൂഹിക സാന്പത്തിക പാരിസ്ഥിതിക മേഖലകളിൽ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാവുമായ ആസൂത്രണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. കഴിഞ്ഞ എട്ടു മാസമായി നടന്ന പരിശോധനകൾക്കൊടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മത്സരത്തിൽ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളിൽ അഞ്ചെണ്ണത്തിന് സ്വർണവും 10 ഗ്രാമങ്ങൾക്ക് വെള്ളിയും 20 ഗ്രാമങ്ങൾക്ക് വെങ്കലവും ലഭിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷനും യുഎൻ വുമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി പുരസ്കാരം സമ്മാനിച്ചു.