ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് നാളെ കോവളത്തു തുടക്കം
Tuesday, September 26, 2023 3:20 AM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം2023) ആദ്യ പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു കോവളം റാവിസ് ലീലയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ.വി. വേണു മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം 6.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ജിടിഎമ്മിന്റെ സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്യും. ‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന പ്രമേയത്തിലാണ് വിവിധ സെമിനാർ സെഷനുകൾ നടക്കുക.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ച്വേഴ്സ്, മെട്രോ മീഡിയ എന്നിവ ചേർന്നാണ് 30 വരെ നടക്കുന്ന വാർഷിക ബി2ബി, ട്രാവൽ ആൻഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ ആരംഭിക്കുന്ന ജിടിഎം 2023ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.