ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ്
Tuesday, September 19, 2023 11:45 PM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് പ്രമുഖ വ്യവസായിയും കോമൺവെൽത്ത് ട്രേഡ് കമ്മീഷണറുമായ ഡോ. വർഗീസ് മൂലന്. വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
35ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള മൂലൻസ്, വിജയ് ബ്രാൻഡുകളുടെ ഉടമയാണ് ഡോ. മൂലൻ. സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ്, സൗദി ചേംബർ ഓഫ് കൊമേഴ്സ് അംഗത്വം എന്നിവ നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഇദ്ദേഹം ഗ്ലോബൽ മലയാളി കൗൺസിലിന്റെ സ്ഥാപകനുമാണ്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വർഗീസ് മൂലൻ ഫൗണ്ടേഷൻ വഴി വൃക്ക, ഹൃദയ ശസ്ത്രക്രിയകൾ, ഭവന നിർമാണം, വിവാഹം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. നടൻ മാധവനൊപ്പം ചേർന്ന് ഡോ. വർഗീസ് മൂലൻ നിർമിച്ച ‘റോക്കട്രി’ സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മൂന്നു നോവലുകളുടെ രചയിതാവുമാണ്.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 21ന് പിഒസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാർഡ് സമ്മാനിക്കുമെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.