മെഗാ ടൂറിസം മേള കൊച്ചിയില്‍
Friday, September 15, 2023 3:55 AM IST
കൊച്ചി: കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പ്രഫഷണല്‍ സംഘടനയായ കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (കെടിടിസി) സംഘടിപ്പിക്കുന്ന മെഗാ ടൂറിസം ബി ടു ബി മേളയായ തുഷാര്‍ നാളെ കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടൂര്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പങ്കെടുക്കും. ആയുര്‍വേദ ടൂറിസം, ഫാം ടൂറിസം, ഹോം സ്റ്റേ എന്നിവയുടെ സ്റ്റാളുകള്‍, സെമിനാറുകള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സെഷനില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയാകും. പ്രമുഖ യുട്യൂബര്‍ ഹാരീസ് അമീറലി പങ്കെടുക്കും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാവിലെ പത്തു മുതല്‍ രാത്രി ഏഴുവരെ സൗജന്യമായി സ്റ്റാളുകള്‍ സന്ദര്‍ശിക്കാമെന്ന് കെടിടിസി പ്രസിഡന്റ് മനോജ് എം.വിജയന്, സെക്രട്ടറി സനോജ് മച്ചിങ്ങല്‍, ട്രഷറര്‍ ഡെന്നി ജോസ് എന്നിവര്‍ അറിയിച്ചു.