ഹോട്ട്സ്റ്റാറിൽ ലോകകപ്പ് സ്ട്രീമിംഗ് ഫ്രീ! ലക്ഷ്യം ജിയോ സിനിമ
Saturday, June 10, 2023 12:14 AM IST
മുംബൈ: ഈ വർഷം നടക്കുന്ന ഐസിസി ലോകകപ്പും ഏഷ്യാ കപ്പും ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം. മുകേഷ് അംബാനിയുടെ ജിയോ സിനിമയുടെ രാജ്യത്തെ വളർച്ചയ്ക്കു തടയിടുന്നിന്റെ ഭാഗമാണു ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പ്രഖ്യാപനം. മൊബൈൽ ഫോണിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിലാണു മത്സരങ്ങൾ കാണാൻ കഴിയുന്നത്.
പുതുതായി പ്രവർത്തനമാരംഭിച്ച സ്ട്രീമിംഗ് ആപ്പായ ജിയോ സിനിമ അടുത്തിടെ കായിക മത്സരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്തിരുന്നു. ഐപിഎല്ലിന്റെ സൗജന്യ സംപ്രേഷണത്തിലൂടെ ജിയോ വിപണിയിൽ വൻകിട സാന്നിധ്യമായി.
2023 മുതൽ 2027 വരെയുള്ള ഐപിഎൽ സപ്രേഷണാവകാശം 290 കോടി ഡോളറിനാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയകോം 18 നേടിയെടുത്തത്. മുന്പ് ഡിസ്നി+ ഹോട്ട്സ്റ്റാർ കൈവശം വച്ചിരുന്നതായിരുന്നു ഐപിഎൽ സംപ്രേഷണാവകാശം.
മറ്റ് ഒടിടി വന്പന്മാർക്കൊപ്പം വൻകിട സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണു ജിയോ സിനിമ. എച്ച്ബിഒ, വാർണർ ബ്രോസ് എന്നിവർ നിർമിച്ച പരിപാടികളുടെ അവകാശം നേടിയെടുത്ത ജിയോ, ഇതു കാണുന്നതിനു പണമീടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻവിപണിയിൽ നെറ്റ്ഫ്ളിക്സ്, വാൾട്ട് ഡിസ്നി കോ. എന്നിവയുമായാണു ജിയോയുടെ മത്സരം. 999 രൂപയുടെ വാർഷിക പ്ലാൻ അടുത്തിടെ ജിയോ സിനിമ പ്രഖ്യാപിച്ചിരുന്നു.