ടാറ്റ മെമ്മോറിയൽ സെന്ററിന് ഐസിഐസിഐ ബാങ്കിന്റെ 1200 കോടി സംഭാവന
Saturday, June 10, 2023 12:14 AM IST
തിരുവനന്തപുരം: രാജ്യത്തുടനീളം കാൻസർ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെന്ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നൽകും. ഒരു സ്ഥാപത്തിൽനിന്നു ടിഎംസിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.
മഹാരാഷ്ട്രയിലെ നവി മുംബൈ, പഞ്ചാബിലെ മുള്ളൻപൂർ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലെ ടിഎംസിയുടെ കേന്ദ്രങ്ങളിൽ കെട്ടിടങ്ങളും (മൂന്നു കേന്ദ്രങ്ങളിലും കൂടി 7.5 ലക്ഷം ചതുരശ്രയടി) അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമാണ് ബാങ്ക് അവരുടെ സിഎസ്ആർ ഫണ്ടിൽനിന്നു തുക സംഭാവന ചെയ്യുന്നത്.
ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷൻ ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് (ഐസിഐസിഐ ഫൗണ്ടേഷൻ) നടപ്പിലാക്കുന്ന ഈ സംരംഭം 2027ഓടെ പൂർത്തിയാകും.
ഓങ്കോളജി ചികിത്സയിലെ മികവിന്റെ ഈ പുതിയ കേന്ദ്രങ്ങൾ പ്രതിവർഷം 25,000 പുതിയ രോഗികൾക്ക് നൂതന ചികിത്സകൾ ലഭ്യമാക്കും. ഇതുവഴി നിലവിലെ ശേഷി ഇരട്ടിയാക്കുകയും രാജ്യത്തെ കാൻസർ ചികിത്സാ മേഖലയിലെ അടിസ്ഥാന സൗകര്യത്തിന് കരുത്ത് നൽകുകയും ചെയ്യും.
ഐസിഐസിഐ ബാങ്ക് ചെയർമാൻ ഗിരീഷ് ചന്ദ്ര ചതുർവേദി, എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര എന്നിവരുടെ സാന്നിധ്യത്തിൽ ഐസിഐസിഐ ഫൗണ്ടേഷൻ പ്രസിഡന്റ് സഞ്ജയ് ദത്തയും ടിഎംസി ഡയറക്ടർ ഡോ. ആർ. എ. ബദ്വയും ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചു.