ബിഎസ്എൻഎലിന് 4ജി, 5ജി സ്പെക്ട്രം
Thursday, June 8, 2023 1:24 AM IST
ന്യൂഡൽഹി: ബിഎസ്എൻഎൽ മൂന്നാമത് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 4ജി, 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് 89,047 കോടി രൂപ വകയിരുത്താൻ കേന്ദ്ര മന്തിസഭായോഗത്തിൽ തീരുമാനം.
ഓഹരി സമാഹരണത്തിലൂടെയാണ് ബിഎസ്എൻഎലിന് 4ജി/5ജി സ്പെക്ട്രം അനുവദിക്കുക. ഇതിന്റെ ഭാഗമായി ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽനിന്ന് 2,10,000 കോടി രൂപയായി ഉയർത്തും. പുനരുജ്ജീവന പാക്കേജിലൂടെ രാജ്യത്തിന്റെ വിദൂരമേഖലകളിൽ സന്പർക്കസൗകര്യം ഒരുക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
പുതിയ സ്പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎലിന് രാജ്യത്തൊട്ടാകെ 4ജി, 5ജി സേവനങ്ങൾ നൽകാൻ കഴിയും. വിവിധ സന്പർക്കസൗകര്യ പദ്ധതികൾക്കു കീഴിൽ ഇതുവരെ ടെലികോം, ഇന്റർനെറ്റ് സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി സൗകര്യം നൽകാനാകും.
അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങളും നടപ്പിലാക്കും. 2019ലാണ് ബിഎസ്എൻഎലിനും എംടിഎൻഎലിനുമായുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നൽകിയത്.