നാരുകളടങ്ങിയ ഭക്ഷണക്രമത്തിൽ ഇന്ത്യക്കാർ പിന്നോട്ടെന്നു സർവേ
Thursday, June 1, 2023 12:47 AM IST
കൊച്ചി: പത്തില് ഏഴ് ഇന്ത്യക്കാരും പ്രതിദിനം ആവശ്യമായ നാരുകള് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നില്ലെന്നു സര്വേ. പ്രോട്ടീന് ഫുഡ്സ് ആന്ഡ് ന്യൂട്രീഷന് ഡെവലപ്മെന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുമായി (പിഎഫ്എന്ഡിഎ) സഹകരിച്ചു ഐടിസി ആശീര്വാദ് ആട്ട വിത്ത് മള്ട്ടിഗ്രെയിന്സ് സംഘടിപ്പിച്ച സര്വേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സര്വേയിലെ ഫൈബര് മീറ്റര് ടെസ്റ്റിൽ പങ്കെടുത്ത 69,000 പേരിൽ 69 ശതമാനവും പ്രതിദിന ആവശ്യകതയേക്കാള് കുറഞ്ഞ അളവിലാണ് നാരുകള് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതെന്നാണു കണ്ടെത്തല്.
ഇതിനൊപ്പം നടന്ന ഡൈജസ്റ്റീവ് കോഷ്യന്റ് ടെസ്റ്റിന്റെ ഭാഗമായ 5.7 ലക്ഷം പേരിൽ 70 ശതമാനം പേർ ദിവസവും എട്ടു ഗ്ലാസില് താഴെ മാത്രമാണു വെള്ളം കുടിക്കുന്നതെന്നും കണ്ടെത്തി.
47 ശതമാനം ഇന്ത്യക്കാര് ദിവസവും ആറു മണിക്കൂറോ അതില് കുറവോ ആണ് ഉറങ്ങുന്നത്. 35 ശതമാനം പേര് യാതൊരുവിധ വ്യായാമങ്ങളിലും ഏര്പ്പെടുന്നില്ല, 40 ശതമാനം പേര് മാത്രമാണു ദിവസവും എന്തെങ്കിലും ശാരീരിക അധ്വാനത്തിൽ ഏര്പ്പെടുന്നുള്ളൂവെന്നും കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ പ്രായത്തിലുള്ളവർ സർവേയിൽ പങ്കെടുത്തു.