ജർമനിയില് മാന്ദ്യം
Friday, May 26, 2023 12:59 AM IST
ബെർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ സന്പദ്വ്യവസ്ഥയായ ജർമനി ഔദ്യോഗികമായി സാന്പത്തിക മാന്ദ്യത്തിൽ. സാന്പത്തിക വർഷത്തിന്റെ (ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ) ആദ്യ ത്രൈമാസ (ജനുവരി-മാർച്ച്) കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തരവരുമാനം 0.3 ശതമാനം ചുരുങ്ങിയതായി സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസം 0.5 ശതമാനം ചുരുങ്ങിയതിന്റെ തുടർച്ചയാണിത്. ഒരു രാജ്യത്തിന്റ സന്പദ്വ്യവസ്ഥ തുടർച്ചയായ രണ്ടു ത്രൈമാസ കാലളയവിൽ ചുരുങ്ങുന്പോഴാണു സാന്പത്തികമാന്ദ്യം സ്ഥിരീകരിക്കപ്പെടുന്നത്.
പണപ്പെരുപ്പമാണു സാന്പത്തികമാന്ദ്യത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏപ്രിലിൽ ജർമനിയിലെ പണപ്പെരുപ്പനിരക്ക് 7.2 ശതമാനമാണ്. ഇതു യൂറോപ്പിലെ ശരാശരിയേക്കാൾ കൂടുതലും ബ്രിട്ടനിലെ പണപ്പെരുപ്പത്തേക്കാൾ (8.7 ശതമാനം) കുറവുമാണ്.
ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പൂജ്യം ശതമാനം വളർച്ചയാണു ജർമൻ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രവചിച്ചിരുന്നത്. ഇതു സാന്പത്തികമാന്ദ്യത്തിലേക്ക് പോകുന്നതിന്റെ പ്രത്യക്ഷ സൂചനയായിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഗാർഹിക ചെലവഴിക്കൽ കഴിഞ്ഞ പാദത്തേക്കാൾ 1.2 ശതമാനം കുറവാണ്. സർക്കാരിന്റെ ചെലവഴിക്കൽ 4.9 ശതമാനം കുറഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് സർക്കാർ നൽകിയിരുന്ന ഗ്രാന്റ് നിർത്തലാക്കിയതോടെ കാർ വില്പനയും ഇടിഞ്ഞു.
റഷ്യൻ ഊർജത്തെ അമിതമായി ആശ്രയിക്കുന്ന ജർമനിയെ സംബന്ധിച്ചിടത്തോളം, പ്രതീക്ഷിച്ചത്ര ഗുരുതരമല്ല മാന്ദ്യമെന്നാണു വിലയിരുത്തൽ. യുക്രെയ്ൻ അധിവേശത്തെത്തുടർന്ന് റഷ്യയിൽനിന്നുള്ള ഊർജവിതരണത്തിൽ ജർമനി പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ശൈത്യകാലവും ചൈനീസ് സന്പദ്വ്യവസ്ഥയുടെ തുറക്കലും ഇതിനെ മറികടക്കാൻ ജർമനിയെ സഹായിച്ചു. സ്വകാര്യമേഖലയിൽ നിക്ഷേപവും കയറ്റുമതിയും വർധിച്ചെങ്കിലും രാജ്യത്തെ മാന്ദ്യത്തിൽനിന്നു രക്ഷിക്കാൻ പര്യാപ്തമായില്ല.
ഏപ്രിൽ-ജൂണ് പാദത്തിൽ സന്പദ്വ്യവസ്ഥ ചെറിയതോതിലെങ്കിലും വളരുമെന്നാണു ജർമൻ കേന്ദ്രബാങ്കായ ബുന്ദേസ്ബാങ്ക് കരുതുന്നത്. ഈ വർഷം വികസിതരാജ്യങ്ങളിൽ ഏറ്റവും ദുർബലമായ സന്പദ്വ്യവസ്ഥ ജർമനിയുടേതാകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.