സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട; യൂസ്ഡ് കാർ വിപണിയിലെ താരങ്ങൾ
Thursday, May 25, 2023 1:07 AM IST
മുംബൈ: ഇന്ത്യൻ യൂസ്ഡ് കാർ മാർക്കറ്റിൽ ഹോണ്ട, മാരുതി, ഹ്യുണ്ടായ് കന്പനികളുടെ ആധിപത്യം. യൂസ്ഡ് കാർ റീട്ടെയ്ലിംഗ് പ്ലാറ്റ്ഫോമായ സ്പിന്നിയുടെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബലേനോ, റെനോ ക്വിഡ് എന്നിവയാണു രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന യൂസ്ഡ് കാറുകൾ.
ബംഗളുരു, ഡൽഹി, ഹൈദാരാബാദ് എന്നിവിടങ്ങളിലാണു യൂസ്ഡ് കാറുകളുടെ വ്യാപാരം കൂടുതലായി നടക്കുന്നത്. സിൽവറാണു യൂസ്ഡ് കാറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന നിറം. ഗ്രേ, റെഡ് എന്നിവ പിന്നാലെ വരും.
ഹാച്ച്ബാക്ക് കാറുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. നിലവിലെ ട്രെൻഡ് പ്രകാരം എസ്യുവിക്കും ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട് പറയുന്നു.
ഈ മാസം ജനുവരിക്കും മാർച്ചിനുമിടയിൽ വാഹനം വാങ്ങിയ കൂടുതൽ പേരും സ്ത്രീകളാണ്. 67 ശതമാനം കോർപറേറ്റ് പ്രഫഷണലുകൾ ഇക്കാലയളവിൽ യൂസ്ഡ് കാർ തെരഞ്ഞെടുത്തു. ലളിതമായ ഫിനാൻസിംഗ്, ഡിജിറ്റൈസേഷൻ സാധ്യത എന്നിവയൊക്കെയാണ് യൂസ്ഡ് കാറുകൾ തെരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്നാണു സ്പിന്നിയുടെ കണ്ടെത്തൽ.
നവരാത്രി സമയത്താണു സ്പിന്നിയിൽനിന്നു കൂടുതൽ കാറുകൾ വിറ്റുപോയത്. അക്ഷയതൃതീയ, ഹോളി എന്നിവയും ആളുകൾ കൂട്ടത്തോടെ യൂസ്ഡ് കാറുകൾ വാങ്ങാനുള്ള സമയമായി തെരഞ്ഞെടുത്തതായി സ്പിന്നി റിപ്പോർട്ടിലുണ്ട്.