ജെൻ റോബോട്ടിക്സ് ഫോബ്സ് പട്ടികയിൽ
Tuesday, May 23, 2023 11:45 PM IST
തിരുവനന്തപുരം: കേരളത്തിൽനിന്ന് ആദ്യമായി ‘ഫോബ്സ് 30 അണ്ടർ 30 ഏഷ്യ 2023’ പട്ടികയിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിന്റെ സ്ഥാപകർ.
ഏഷ്യയിൽനിന്ന് വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ചെറുപ്പക്കാരെ കണ്ടെത്തുന്ന പട്ടികയിലാണ് ജെൻ റോബോട്ടിക്സ് സ്ഥാപകരായ എം.കെ. വിമൽ ഗോവിന്ദ്, അരുണ് ജോർജ്, കെ. റാഷിദ്, എൻ.പി. നിഖിൽ എന്നിവരുടെ പേരുകൾ ഉൾപ്പെടുന്നത്. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വപരിപാലന മേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് അംഗീകാരം.
ധനകാര്യം, സാങ്കേതികവിദ്യ, വിനോദം, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കളും സംരംഭകരുമാണ് ഫോബ് സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഉൾപ്പെടുന്നത്. പട്ടികയിലെ വ്യവസായം, ഉത്പാദനം, ഊർജം എന്നീ വിഭാഗങ്ങളിലാണ് ജെൻ റോബോട്ടിക്സ് ഉൾപ്പെട്ടത്.
ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ഇൻകുബേറ്റർ പുരസ്കാരം നേടിയ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ 2018 ൽ തുടങ്ങിയ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക് ഇന്നോവേഷൻസ് ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കന്പനികളിൽ ഒന്നാണ്.
ജെൻ റോബോട്ടിക്സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെൻജർ ആയ ബാൻഡിക്കൂട്ട് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ആസിയൻ മേഖലയിലും പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമേ ജെൻ റോബോട്ടിക്സിന്റെ മിഷൻ റോബോഹോൾ പദ്ധതിയിലൂടെ 3000 ലധികം ശുചീകരണ തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കുകയും പരിശീലനത്തിലൂടെ അവരെ റോബോട്ടിക് ഓപ്പറേറ്റർമാരായി മാറ്റുകയും ചെയ്തു.
ബാൻഡിക്കൂട്ടിനു പുറമേ മെഡിക്കൽ ആൻഡ് മൊബിലിറ്റി വിഭാഗത്തിൽ ജെൻ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഗെയറ്റ് ട്രെയിനിങ് സാങ്കേതികവിദ്യയാണ് ജി ഗെയ്റ്റർ. പക്ഷാഘാത രോഗികളുടെ ജീവിതം മെച്ചപ്പെട്ട രീതിയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണിത്.
ഈ മാതൃകയിൽ നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് എന്ന നിലയിലാണ് ജെൻ റോബോട്ടിക്സ് ഫോബ്സ് 30 അണ്ടർ 30 ഏഷ്യ ലിസ്റ്റിൽ ഇടം നേടിയത്. നേരത്തേ, ഫോബ്സ് ഇന്ത്യ 30 അണ്ടർ 30’ പട്ടികയിലും ജെൻ റോബോട്ടിക്സ് സ്ഥാപകർ ഇടം നേടിയിരുന്നു.
ജെൻ റോബോട്ടിക്സ് സ്ഥാപകർക്കു പുറമേ ഇന്ത്യയിൽ നിന്ന് ഒളിന്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദി, സംഗീതജ്ഞയും മോഡലുമായ അംബിക നായിക് തുടങ്ങിയവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.