ക്രെഡിറ്റ് കാർഡിൽ യുപിഐ പേമെന്റുമായി ഗൂഗിൾ പേ
Tuesday, May 23, 2023 11:45 PM IST
മുംബൈ: ഗൂഗിൾ പേയിൽ ഇനി റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം. നാഷണൽ പേമെന്റ്സ് കോർപറേഷനുമായി സഹകരിച്ചാണു ഗൂഗിൾ പേ ഈ സൗകര്യം ലഭ്യമാക്കുന്നത്.
ഇതിനായി ഗൂഗിൾ പേ ഉപയോഗിക്കുന്നവർ തങ്ങളുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കണം. ഇതിനുശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓണ്ലൈൻ, ഓഫ്ലൈൻ മർച്ചന്റ് പേമെന്റുകൾ നടത്താം.
നിലവിൽ ആക്സിസ് ബാങ്ക്, ബറോഡ ബാങ്ക്, കനറാ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. കൂടുതൽ ബാങ്കുകൾ ഇതിലേക്കു ചേരുമെന്ന് ഗൂഗിൾ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ശരത് ബുളുസു അറിയിച്ചു.
ഉപയോഗം എങ്ങനെ?
1. ഗൂഗിൾ പേ ആപ്പിലെ സെറ്റിംഗിലുള്ള സെറ്റപ്പ് പേമെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാർഡ് ചേർക്കുക.
2. ക്രെഡിറ്റ് കാർഡിന്റെ അവസാന ആറക്കങ്ങൾ, കാലാവധി അവസാനിക്കുന്ന ദിവസം, പിൻ എന്നിവ നൽകണം.
3. ഇതിനുശേഷം പ്രൊഫൈലിലുള്ള റുപേ ക്രെഡിറ്റ് കാർഡ് ഓണ് യുപിഐ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കാർഡ് ആക്ടിവേറ്റ് ചെയ്യുക.
4. റുപേ ക്രെഡിറ്റ് കാർഡ് അനുവദിച്ച ബാങ്ക് സെലക്ട് ചെയ്യുക
5. യുപിഐ പിൻകൂടി സെറ്റ് ചെയ്തുകഴിഞ്ഞാൽ ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗത്തിനു തയാർ.