തിരിച്ചുവരവിനൊരുങ്ങി മുളകു വിപണി
വിപണിവിശേഷം /കെ.ബി. ഉദയഭാനു
Monday, May 22, 2023 12:42 AM IST
കുരുമുളകിന് ഓഫ് സീസൺ വിലക്കയറ്റത്തിന് അവസരമൊരുക്കുമോ? ആഭ്യന്തര ഡിമാൻഡ് ഉത്പാദന മേഖല ഉറ്റുനോക്കുന്നു. പച്ചത്തേങ്ങ, കൊപ്ര ഉത്പാദകർക്ക് സംസ്ഥാന സർക്കാർ പിണ്ണാക്കിന്റെ വിലപോലും കൽപ്പിക്കുന്നില്ല. ടയർ ലോബി റബർ വിലക്കയറ്റം തടയാൻ കിണഞ്ഞു ശ്രമിച്ചിട്ടും വിപണി കരുത്ത് കാണിച്ചു. സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടം.
കുരുമുളകിനു നല്ലകാലം
ഉത്തരേന്ത്യയിൽനിന്നു കുരുമുളകിന് ആവശ്യം ഉയർന്നത് വ്യാപാര രംഗം ചുടുപിടിക്കാൻ അവസരമൊരുക്കി. ഒരാഴ്ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ മുളക് വിപണിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത് അന്തർസംസ്ഥാന വാങ്ങലുകാരിൽനിന്നുള്ള ഡിമാന്റാണ്.
ഉത്തരേന്ത്യ ഉത്സവകാല വേളയിലെ ആവശ്യങ്ങൾക്ക് ചരക്കുസംഭരണം തുടങ്ങിയത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാം. വൻകിട പൗഡർ യൂണിറ്റുകളും മുളക് വിപണിയിലേക്കു തിരിയാനുള്ള സാധ്യതകൾ ഉത്പന്നത്തിനു നേട്ടം പകരാം.
കേരളത്തിലേയും കർണാടകത്തിലേയും കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളക് വിൽപ്പനയിൽ ഈ വാരം സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാവും ഇനിയുള്ള മുന്നേറ്റം. ഇന്ത്യൻ കുരുമുളകിലെ ചലനങ്ങളെ ഇതര ഉത്പാദന രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അൺഗാർബിൾഡ് മുളക് 48,600 ൽ നിന്നും 49,100 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6350 ഡോളർ. വിയറ്റ്നാം ടണ്ണിന് 3,950 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ശ്രീലങ്ക 5200 ഡോളറിനും ബ്രസീൽ 3700 ഡോളറിനും ചരക്ക് ഇറക്കി.
സത്ത് നിർമാതാക്കൾ കുരുമുളകിൽ താത്പര്യം കാണിച്ചു. ശ്രീലങ്കയിൽ മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. എണ്ണയുടെ അംശം ഉയർന്ന മുളകിന് വില 5500 ഡോളർ. ആഗോള വിപണിയിൽ ലൈറ്റ് പെപ്പർ ലഭ്യത ചുരുങ്ങുമെന്ന സൂചന വിലക്കയറ്റം ശക്തമാക്കാം.
ജൂലൈയിൽ ഇന്തോനേഷ്യയിൽ സീസൺ ആരംഭിക്കും. മൂപ്പ് കുറഞ്ഞതും എണ്ണയുടെ അംശം കൂടിയതുമായ മുളക് ലഭ്യത അവിടെയും കുറയുമെന്നാണ് ശ്രീലങ്കൻ കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. ഇതു ശരിയെങ്കിൽ സത്ത് നിർമാതാക്കൾ അടുത്ത സീസണിൽ പ്രതിസന്ധിലാവും.
യു എസ് യുറോപ്യൻ രാജ്യങ്ങളിലും കുരുമുളക് സത്തിനുള്ള ഡിമാൻഡ് ഒലിയോറസിൻ കന്പനികളെ ലൈറ്റ് പെപ്പറിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കും.
തെക്കൻ കേരളത്തിൽനിന്നുള്ള എണ്ണയുടെ അംശം ഉയർന്ന ലൈറ്റ് പെപ്പറിന്റെ വരവിന് നവംബർ വരെ കാത്തിരിക്കേണ്ടിവരും. കാലവർഷത്തിന്റെ ആദ്യ പകുതിയെ ആശ്രയിച്ചാവും അടുത്ത സീസണിലെ ഉത്പാദനം സംബന്ധിച്ച് വ്യക്തത.
സുഗന്ധമേറി ഏലം
ഏലക്കയുടെ താഴ്ന്ന വിലയിൽ ആകൃഷ്ടരായി വാങ്ങലുകാർ രംഗത്തിറങ്ങിയത് ശരാശരി ഇനങ്ങളെ വീണ്ടും ആയിരം രൂപയ്ക്കു മുകളിലെത്തിച്ചു. ശരാശരി ഇനങ്ങൾ 1066 രൂപയിലും മികച്ചയിനം ഏലക്ക കിലോ 1500 രൂപയിലുമാണ് വാരാന്ത്യം. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. ആഭ്യന്തര വാങ്ങലുകാരും ലേലത്തിൽ സജീവമായിരുന്നു.
ജാതിയിൽ കണ്ണുനട്ട്
ഉത്തരേന്ത്യയിൽനിന്നുള്ള ഔഷധ വ്യവസായികൾക്ക് ഒപ്പം കറിമസാല കമ്പനികളും മധ്യകേരളത്തിലെ വിവിധ വിപണികൾ കേന്ദ്രീകരിച്ച് ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിച്ചു. വരവ് കുറവായതിനാൽ നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് കർഷകർ. വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും രംഗത്തുണ്ട്. നിരക്ക് ഉയർത്താതെ കൂടുതൽ ചരക്ക് വാങ്ങി കൂട്ടാനുള്ള ശ്രമത്തിലാണ് മധ്യവർത്തികളും. ജാതിക്ക കിലോ 320 രൂപയിലും ജാതിപരിപ്പ് 500 രൂപയിലും വിവിധ വിപണികളിൽ ഇടപാടുകൾ നടന്നു.
താറുമാറായി കൊപ്ര സംഭരണം
നാളികേര കർഷകരെ സംസ്ഥാന സർക്കാർ പാടെ വിസ്മരിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ സീസണിലെ കൊപ്ര സംഭരണം താറുമാറായി. ഇക്കുറിയെങ്കിലും, സംഭരണം എങ്ങനെ വിജയിപ്പിക്കാമെന്ന ബാലപാഠങ്ങൾ പോലും പഠിക്കാൻ കൃഷി വകുപ്പ് തയ്യാറായില്ല. അതേസമയം, അയൽസംസ്ഥാനക്കാർ 5000 ടണ്ണോളം കൊപ്ര ഉത്പാദകരിൽനിന്നും ചുരുങ്ങിയ കാലയളവിൽ വാരിക്കൂട്ടി താങ്ങ് വിലയുടെ നേട്ടം ഉത്പാദകരിൽ എത്തിച്ചു.
കർഷകരുടെ ഉപജീവനമാർഗമാണ് തെങ്ങുകളെന്ന വസ്തുത ഉൾക്കൊണ്ട് ആവശ്യമായ എല്ലാ സാഹായങ്ങളും തമിഴ്നാട് ഉത്പാദകർക്ക് നൽകുന്നു. കേവലം പ്രാണികളുടെ ആക്രമണത്തിൽനിന്നുപോലും തെങ്ങുകളെ സംരക്ഷിക്കുന്നതിന് അവർ നടപടികൾ കൈകൊള്ളുന്നു. തെങ്ങുകളിലെ കീട ആക്രമണത്തെക്കുറിച്ചും രാസവള പരിപാലനത്തെക്കുറിച്ചുമെല്ലാം കർഷകർക്ക് ഒപ്പം സഞ്ചരിക്കുകയാണ് കൃഷിവകുപ്പ്. കൃഷി ഓഫീസർമാർക്ക് കോയന്പത്തൂർ, പൊള്ളാച്ചി, പഴനി തോട്ടങ്ങളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനുള്ള അവസരമൊരുക്കിയാൽ മാത്രമേ നാളികേര കൃഷിയിൽ നമുക്ക് ഭാവിയുള്ളൂ.
തന്ത്രംമെനഞ്ഞ് ടയർ ലോബി
റബർ വിപണിയുടെ നിയന്ത്രണം കൈപ്പിടിയിൽനിന്നും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ടയർ ലോബി. ടയർ കന്പനികൾ വിലക്കയറ്റം തടയാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. കർഷകരും സ്റ്റോക്കിസ്റ്റുകളും കാര്യമായി ഷീറ്റ് ഇറക്കുന്നില്ല. നാലാം ഗ്രേഡ് 161 വരെ കയറി. കഴിഞ്ഞ മാസം കിലോ 150 ൽ നീങ്ങിയ അവസരത്തിൽ വ്യക്തമാക്കിതാണ് വില 164-167 റേഞ്ചിലേക്ക് ഉയരുമെന്ന്.
എന്നാൽ, ഇതിനിടെ ഒരുവിഭാഗം വ്യാപാരം അവസാനിച്ച ശേഷം വിപണിവിലയിലും ഉയർത്തി ചരക്കിറക്കിയത് റബറിലെ ബുള്ളിഷ് ട്രെൻഡിനെ ചെറിയതോതിൽ ബാധിച്ചു. അത്തരം വഴിവിട്ട ഇടപാടുകളിൽനിന്നും മധ്യവർത്തികൾ ഒഴിഞ്ഞുമാറിയിരുന്നെങ്കിൽ നാലാം ഗ്രേഡ് ഇതിനകം തന്നെ 164 -167ലേക്ക് ഉയരുമായിരുന്നു. അഞ്ചാം ഗ്രേഡ് 152-157 ലേക്ക് ഉയർന്നു. ഒട്ടുപാൽ 96 ൽ സ്റ്റെഡിയായി നീങ്ങിയപ്പോൾ ലാറ്റക്സ് 108 രൂപയിൽ നിന്ന് 112 രൂപയായി.
സ്വർണ വില വാരത്തിന്റെ തുടക്കത്തിൽ 45,320ൽനിന്നും 45,400 ലേക്ക് ഉയർന്നെങ്കിലും പിന്നീട് പവൻ 44,640 ലേക്ക് ഇടിഞ്ഞ സന്ദർഭത്തിൽ ആഭരണ കേന്ദ്രങ്ങളിൽ വിവാഹ പാർട്ടികളുടെ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ, ശനിയാഴ്ച പവൻ നിരക്ക് 45,040 രൂപയിലാണ്.