യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം
Thursday, March 30, 2023 11:59 PM IST
മുംബൈ: റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയ പശ്ചാത്തലത്തിൽ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) യുപിഐയും റുപേ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വ്യാപാര ഇടപാടുകൾ സാധ്യമാക്കുന്നതിന് വിവിധ പേയ്മെന്റ് അഗ്രഗേറ്ററുകളുമായി കൈകോർക്കുന്നു.
നേരത്തെ, യുപിഐ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ എന്നിവയിലൂടെ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയുമായിരുന്നുള്ളൂ. ഇന്ത്യൻ വിപണിയിൽ യുപിഐ റുപെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വ്യാപാരി ഇടപാടുകൾ സാധ്യമാക്കാൻ എൻപിസിഐ, ഭാരത്പേ, ക്യാഷ്ഫ്രീ പേമെന്റ്സ്, ഗൂഗിൾ പേ, റേസർപേ, പേടിഎം, പേയു, പൈൻ ലാബ്സ് തുടങ്ങിയ പ്രധാന അഗ്രഗേറ്ററുകളെയാണ് പ്രവർത്തനക്ഷമമാക്കിയത്. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ എല്ലാ അവസരങ്ങളിലും കൈവശം വയ്ക്കേണ്ട കാര്യമില്ല.
പേമെന്റുകൾക്കായി ഉപഭോക്താക്കൾക്ക് ഇനി ക്രെഡിറ്റ് കാർഡുകൾ കൈവശംവെക്കേണ്ടതില്ലെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നു എൻപിസിഐ പറഞ്ഞു. ഈ തീരുമാനം വ്യാപാരികളെ ലക്ഷ്യമിട്ടാണെന്ന് എൻപിസിഐ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കാർഡ് റീഡർ (പോയിന്റ് ഓഫ് സെയിൽ-പിഒഎസ്) വ്യാപകമായി ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും അർധ നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ഈ തീരുമാനം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് എൻപിസിഐയുടെ നിഗമനം.