ഫെഡറൽ റിസർവ് ഒന്പതാം തവണയും പലിശനിരക്ക് ഉയർത്തി
Friday, March 24, 2023 1:07 AM IST
വാഷിംഗ്ടണ് ഡിസി: അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. ഇത് തുടർച്ചയായ ഒന്പതാം തവണയാണ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുന്നത്.
25 ബേസിസ് പോയിന്റാണ് പലിശനിരക്കിലെ വർധന. 50 ബേസിസ് പോയിന്റ് ഉയർത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. ഇതോടെ പലിശനിരക്ക് 4.75 ശതമാനത്തിൽനിന്ന് 5 ശതമാനത്തിലേക്ക് ഉയർന്നു.
പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വർധനയെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നാണ് ഫെഡറൽ റിസർവ് വിലയിരുത്തുന്നത്. 2008 ലെ ആഗോള സാന്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം ബാങ്കിംഗ് പ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഇപ്പോൾ കടന്നുപോകുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണ്. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡൗ ജോണ്സ് ഓഹരി സൂചിക 532 പോയിന്റുകൾ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.
പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 2007 ന് ശേഷം ആദ്യമായാണ് പലിശനിരക്കിൽ ഇത്രയധികം വർധനയുണ്ടാകുന്നത്.
ബാങ്കുകളുടെ തകർച്ചയോടെ സാന്പത്തിക പ്രതിസന്ധി രൂക്ഷം
ഈ മാസമാദ്യം സിലിക്കണ് വാലി ബാങ്കിന്റെ തകർച്ചയോടെയാണ് അമേരിക്കയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായത്. പിന്നാലെ സിഗ്നേച്ചർ ബാങ്കും തകർന്നു. പണപ്പെരുപ്പം നിയന്ത്രണാതീതമായതും ബാങ്കുകളുടെ തകർച്ചയോടെയാണ്. ലോകത്താകമാനം സാന്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. സാന്പത്തിക പ്രതിസന്ധി ആഗോളതലത്തിൽ തന്നെ വലിയ തിരിച്ചടി സൃഷ്ടിക്കുകയാണ്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് ഉയർത്തിയ നിരക്കുകൾ സ്വിറ്റ്സർലൻഡിലെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസിനെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളും പലിശ നിരക്കുയർത്തി
ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയതിനു പിന്നാലെ സൗദി അറേബ്യ, ബഹറിൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ അവരുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കും ഉയർത്തി.
സൗദി സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമായും റിവേഴ്സ് റീപർച്ചേസ് എഗ്രിമെന്റിന്റെ (റിവേഴ്സ് റിപ്പോ) നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5 ശതമാനമായും ഉയർത്തി. ബഹറിനിൽ, ഒരാഴ്ചത്തെ നിക്ഷേപ സൗകര്യ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായും ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായും ഉയർത്തിയതായി ബഹ്റൈൻ സെൻട്രൽ ബാങ്ക് ട്വീറ്റ് ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് ഖത്തറും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്തിയിരു ന്നു. നിക്ഷേപം, വായ്പ, റിപ്പോ നിരക്കുകൾ യഥാക്രമം 5.25%, 5.75%, 5.5% എന്നിങ്ങനെ ഉയർത്തി. നേരത്തെ, യുഎഇ സെൻട്രൽ ബാങ്ക് ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ പലിശനിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി. (വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ) പലിശ 4.65% ൽ നിന്ന് 4.90% ആയി.