സാന്പത്തിക പ്രതിസന്ധി രൂക്ഷം; അക്സഞ്ചർ 19,000 പേരെ പിരിച്ചുവിടും
Friday, March 24, 2023 1:07 AM IST
ഡബ്ലിൻ: പ്രമുഖ ഐടി കന്പനിയായ അക്സഞ്ചർ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 19,000 ജീവനക്കാരെ പിരിച്ചുവിടും. ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു ഐറിഷ്-അമേരിക്കൻ പ്രഫഷണൽ സേവന കന്പനിയാണ് അക്സഞ്ചർ.
ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളിലും കണ്സൾട്ടിംഗിലുമാണ് കന്പനി സ്പെഷലൈസ് ചെയ്തിരിക്കുന്നത്. ഇന്നലെ പുറത്തിറക്കിയ സാന്പത്തിക സർവേ റിപ്പോർട്ടിലാണ് കന്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാർഷിക വരുമാനവും അടുത്തവർഷത്തെ സാന്പത്തികലാഭവും കുറച്ചാണ് പുതിയ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.
ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ഭീഷണി മുന്നിൽക്കണ്ട് ഐടി സേവനങ്ങളിലെ കോർപറേറ്റ് ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കന്പനി ഇത്ര കടുത്ത തീരുമാനം കൈക്കൊള്ളുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
പിരിച്ചുവിടലുകളിൽ പകുതിയിലേറെയും കോർപറേറ്റ് ഫംഗ്ഷനുകളിലെ ജീവനക്കാരാണ്. പിരിച്ചുവിടൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ അക്സഞ്ചറിന്റെ ഓഹരി മൂല്യം നാലു ശതമാനം ഉയർന്നു.