ഒസിസിഐ-ഐഎന്‍എംഇസിസി ധാരണയിൽ
Monday, March 20, 2023 11:40 PM IST
കൊച്ചി: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒസിസിഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐ എന്‍ എം ഇ സി സി) ധാരണയായി.
ഒസിസിഐ ചെയര്മാന് ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഐഎന്‍എംഇസിസി ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീനുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ നടപ്പാക്കാന്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്നു ശൈഖ് ഫൈസല്‍ പറഞ്ഞു.
750 കോടി യുഎസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളതെന്ന് ഡോ. എന്‍.എം. ഷറഫുദ്ദീന് പറഞ്ഞു.
ഒമാന്റെ മികച്ച വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് ഐഎന്‍എംഇസിസി ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരനും അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി ഇരു ചേംബറുകളിലേയും പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.