എസ്ബിഐ വായ്പയുടെ പലിശനിരക്ക് ഉയർത്തി
Thursday, March 16, 2023 1:35 AM IST
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശനിരക്ക് ഉയർത്തി. ഇന്നലെ മുതൽ ഉയർത്തിയ അടിസ്ഥാനനിരക്കും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് (ബിപിഎൽആർ) നിരക്കും നിലവിൽവന്നു.
ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് നിരക്ക് എന്നത് വായ്പയുടെ പലിശ കണക്കാക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് നിരക്കാണ്. നിലവിൽ, ബിപിഎൽആർ 14.15 ശതമാനമാണ്. ഇത് 14.85 ശതമാനം വരെ വർധിപ്പിച്ചു, അതായതു ബിപിഎൽആർ 70 ബേസിസ് പോയിന്റ് (അഥവാ 0.7 ശതമാനം) കൂട്ടി.
2022 ഡിസംബറിലാണ് ഇതിന് മുൻപ് ബിപിഎൽആർ ഉയർത്തിയത്. അടിസ്ഥാന പലിശനിരക്ക് ഉയർത്തുന്നതിനാൽ ഇഎംഐ തുക ഉയരും. ഭവനവായ്പകളുടെ പലിശനിരക്കിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിനാൽ, മിക്ക ബാങ്കുകളും ഇതിനോടകംതന്നെ വായ്പ പലിശനിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.